റവ.ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ ഒക്കലഹോമ സീറോ മലബാര്‍ പള്ളി വികാരി
Tuesday, December 16, 2014 10:17 AM IST
ഒക്കലഹോമ: സീറോ മലബാര്‍ ഇടവകയുടെ പുതിയ വികാരിയായി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു.

ഒക്കലഹോമയില്‍ തിരുകുടുംബത്തിന്റെ നാമത്തിലുള്ള ഇടവകയുടെ വികാരിയായിരുന്ന റവ. പോള്‍ കോട്ടയ്ക്കല്‍ കോര്‍പ്പസ് ക്രിസ്റി രൂപതയിലേക്ക് ശുശ്രൂഷയ്ക്കായി മാറിയതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് അച്ചന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ഹാര്‍ട്ട്ഫോര്‍ഡ് (കണക്ടിക്കട്ട്) സീറോ മലബാര്‍ മിഷന്റെ ഡയറക്ടറായിരുന്ന ഫ്രാന്‍സിസ് അച്ചന്‍ ഡിസംബര്‍ 16 മുതല്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.

ലോസ്ആഞ്ചലസ്, ഗാര്‍ഫീല്‍ഡ് (ന്യൂജേഴ്സി), ഒക്കലഹോമ എന്നിവിടങ്ങളിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത്, രൂപതയുടെ വളര്‍ച്ചയ്ക്കുവേണ്ടി പതിമൂന്ന് വര്‍ഷക്കാലം നിസ്വാര്‍ഥമായ ശുശ്രൂഷ നിര്‍വഹിച്ച പോള്‍ അച്ചന് ആത്മാര്‍ഥമായ നന്ദിയും ആയൂരാരോഗ്യങ്ങളും എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി രൂപത ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം