ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ പ്രകടനത്തിന് മെര്‍ക്കലിന്റെ വിമര്‍ശനം
Tuesday, December 16, 2014 10:16 AM IST
ബര്‍ലിന്‍: പൊതുജനങ്ങള്‍ കുടിയേറ്റവിരുദ്ധരുടെ കൈയിലെ കളിപ്പാവകളായി മാറാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. ഡ്രെസ്ഡനില്‍ തിങ്കളാഴ്ച നടത്തിയ ഇസ്ലാം വിരുദ്ധ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ചാന്‍സലറുടെ അഭിപ്രായ പ്രകടനം.

യൂറോപ്യന്‍സ് എഗെയ്ന്‍സ്റ് ഇസ്ലാമൈസേഷന്‍ ഓഫ് ദ ഓക്സിഡന്റ് (പെഗിഡ) എന്ന സംഘടയുടെ ആഭിമുഖ്യത്തിലാണ് തുടര്‍ച്ചയായി ഇത്തരം പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്.

ജര്‍മനിയില്‍ തീര്‍ച്ചയായും പ്രകടനങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍നിന്ന് ഇവിടെ വന്നു ചേര്‍ന്നവര്‍ക്കെതിരേ വിദ്വേഷ പ്രചാരണവും ചെളി വാരിയെറിയലും നടത്താനുള്ള വേദികളായി അവ മാറാന്‍ പാടില്ല- മെര്‍ക്കല്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ ആരംഭിച്ച പ്രകടന പരമ്പരയില്‍ പങ്കാളിത്തം വര്‍ധിച്ചു വരുകയാണ്. അഞ്ഞൂറു പേരില്‍ തുടങ്ങിയ ആദ്യ പ്രകടനത്തിന്റെ സ്ഥാനത്ത്, തിങ്കളാഴ്ചത്തെ പ്രകടനത്തില്‍ പതിനയ്യായിരം പേര്‍ പങ്കെടുത്തു.

കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരായ വിദ്വേഷ പ്രകടനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റിസ് മിനിസ്റര്‍ ഹെയ്കോ മാസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍