കേഫാക് ലീഗില്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ വിജയം
Tuesday, December 16, 2014 10:14 AM IST
കുവൈറ്റ് : കേഫാക് ലീഗില്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ വിജയം. പൊരുതി കളിച്ച മലപ്പുറം ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാക്ക് കുവൈറ്റ് പരാജയപ്പെടുത്തുകയായിരുന്നു.

മലപ്പുറം ക്യാപ്റ്റന്‍ മുനീര്‍ നേടിയ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു മാക്കിന്റെ ഉജ്ജ്വല വിജയം. ഷഹല്‍, മുബഷിര്‍ എന്നീവര്‍ വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ മടക്കില്ലാത്ത നാല് ഗോളുകള്‍ക്ക് സിയസ്കോയെ തറപറ്റിച്ച് ഫഹാഹീല്‍ ബ്രദേഴ്സ് തകര്‍പ്പന്‍ ജയം നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തുകയും കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കുകയും ചെയ്ത ഫഹാഹീല്‍ ബ്രദേഴ്സാണ് കളി നിയന്ത്രിച്ചത്. സിയസ്കോ ഗോളിയുടെ തകര്‍പ്പന്‍ പ്രകടനമില്ലായിരുന്നെങ്കില്‍ പരാജയം കൂടുതല്‍ ദയനീയമാകുമായിരുന്നു. ജംഷീല്‍, ജിബു വര്‍ഗീസ്, ലിയാകത്ത് അലി എന്നിവര്‍ വിജയികള്‍ക്ക് വേണ്ടി ഗോളുകള്‍ നേടി. മൂന്നാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അല്‍ ഷാബാബിനെ പരാജയപ്പെടുത്തി കേരള സ്ട്രൈക്കേഴ്സ് വിജയിച്ചു. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ നേടിയ കേരള സ്ട്രൈക്കേഴ്സിന് മറുപടിയായി രണ്ടാം പകുതിയില്‍ ചില മനോഹര നീക്കങ്ങളിലൂടെ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും അല്‍ ഷബാബ് താരങ്ങള്‍ക്ക് ഗോളിലേക്ക് മാത്രം എത്താനായില്ല.

വിജയികള്‍ക്കുവേണ്ടി മെര്‍വിനും ജഗദീഷും ഇരട്ട ഗോളുകള്‍ നേടി. അവസാന മത്സരത്തില്‍ പൊരുതി കളിച്ച ബ്ളാസ്റ്റേസിനെ അനസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് യംഗ് ഷൂട്ടേഴ്സ് പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതല്‍ ഇരുനിരയും ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റങ്ങളായിരുന്നു കാഴ്ചവച്ചത്. കൊണ്ടും കൊടുത്തും മുന്നേറിയ കളിയില്‍ രണ്ടാം പകുതിയില്‍ കാഴ്ചവച്ച മുന്‍തൂക്കമാണ് ഏക ഗോളിലേക്ക് യംഗ് ഷൂട്ടേഴ്സിന് വഴിയൊരുക്കിയത്. ഗോള്‍ മടക്കാന്‍ ഷൂട്ടേഴ്സിന്റെ ഗോള്‍മുഖം ബ്ളാസ്റ്റേസുകാര്‍ തുടര്‍ച്ചയായി ആക്രമിച്ചെങ്കിലും ഫലം കണ്ടില്ല. വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്‍ഡ് ഹൈപ്പര്‍ ലീഗില്‍ സില്‍വര്‍സ്റാര്‍ സ്പാര്‍ക്സ് എഫ്സിയുമായും ബിഗ് ബോയ്സ് ചാമ്പ്യന്‍സ് എഫ്സിയുമായും ബ്രദേഴ്സ് കേരള സോക്കര്‍ കേരളയുമായും സിഎഫ്സി സാല്‍മിയ സ്റാര്‍ലൈറ്റ് വാരിയേഴ്സുമായും ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 99783404, 97494035.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍