കേരളം ഇനി 'ഗോള്‍ഡ് ഓണ്‍ കണ്‍ട്രി' സ്ഥാനത്ത
Tuesday, December 16, 2014 10:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പല വികസിത രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണ നിക്ഷേപത്തേക്കാള്‍ സ്വര്‍ണം സൂക്ഷിക്കുന്ന കമ്പനികള്‍ ഇന്ത്യയിലെ കൊച്ചു കേരളത്തില്‍ ഉണ്െടന്നു പറഞ്ഞാല്‍ സാധാരണ എല്ലാവരും അവിശ്വസിക്കുകയും ഞെട്ടുകയും ചെയ്യും. എന്നാല്‍ ഇത് വാസ്തവമാണ്. കേരളത്തിലെ മൂന്ന് പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ കമ്പനികളുടെ കൈവശമുള്ള സ്വര്‍ണം 195 ടണ്ണാണ്. സിംഗപ്പൂര്‍, സ്വീഡന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഗോള്‍ഡ് റിസര്‍വ് ഇതിലും വളരെ താഴെയാണ്. സിംഗപ്പൂരിന്റെ കരുതല്‍ സ്വര്‍ണത്തിന്റെ അളവ് 127 ടണ്ണും സ്വീഡന്റേത് 126 ടണ്ണും ഓസ്ട്രേലിയയുടേത് 80 ടണ്ണും ദക്ഷിണാഫ്രിക്കയുടെത് 125 ടണ്ണും മെക്സിക്കോയുടെത് 123 ടണ്ണും ഗ്രീസിന്റേത് 112 ടണ്ണും കുവൈറ്റിന്റേത് 79 ടണ്ണുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ കരുതല്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 558 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ സൂക്ഷിക്കുന്നത്. പ്രൈവറ്റ് മേഖലയിലെ കരുതല്‍ സ്വര്‍ണ പട്ടികയില്‍ മുത്തൂറ്റ് ഫിനാന്‍സാണ് മുന്നില്‍. 116 ടണ്‍ സ്വര്‍ണമാണ് മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയുടെ കൈവശമുള്ളത്. മണപ്പുറം ഫിനാന്‍സ് 40 ടണ്‍ സ്വര്‍ണവും മുത്തൂറ്റ് ഫിന്‍കോര്‍പ്പറേഷന് 39 ടണ്‍ സ്വര്‍ണവും സൂക്ഷിക്കുന്നു. കേരളത്തിലെ ഈ അസാധാരണ സ്വര്‍ണ നിക്ഷേപ വാര്‍ത്ത യൂറോപ്യന്‍ ഫൈനാന്‍ഷ്യല്‍ മാധ്യമങ്ങള്‍ ഞെട്ടലോടെ പ്രസിദ്ധീകരിച്ചു. ഇതുവരെ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്നറിയപ്പെട്ടിരുന്ന കേരളത്തെ 'ഗോള്‍ഡ് ഓണ്‍ കണ്‍ട്രി' എന്നാണ് ഈ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതില്‍ നിന്നും കേരള ജനതയുടെ സ്വര്‍ണത്തോടുള്ള ഭ്രമം ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിക്കുന്നു എന്നും ഇവര്‍ എഴുതി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍