ബൈബിള്‍ ഫെസ്റ് 2014 നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആഘോഷിച്ചു
Tuesday, December 16, 2014 6:09 AM IST
ബെല്‍ഫാസ്റ് : ജന്മനാട്ടില്‍ നിന്നുള്ള അകലമോ, ഡിസംബറിലെ കൊടും തണുപ്പോ തങ്ങളുടെ വിശ്വാസ പരിശീലനത്തെ തളര്‍ത്തുകയില്ലെന്ന് പ്രഖ്യാപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സീറോ മലബാര്‍ കത്തോലിക്കര്‍ ബൈബിള്‍ ഫെസ്റ് ആഘോഷിച്ചു.

ഡിസംബര്‍ 13ന് (ശനി) രാവിലെ 9.30ന് ആരംഭിച്ച രണ്ടാംഘട്ട മത്സരങ്ങള്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു.

പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായി പ്രസംഗം, ഉപന്യാസം, ബൈബിള്‍ ക്വിസ്, സോളോ, ഗ്രൂപ്പ് സോംഗ് എന്നീ മത്സരങ്ങളെല്ലാം ബൈബിള്‍ അടിസ്ഥാനത്തിലായിരുന്നു നടത്തിയത്. ഫാ.ജോസഫ് കറുകയില്‍, ഫാ.ഡോ.ആന്റണി പെരുമായന്‍, ഫാ.പോള്‍ മോര്‍ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാശിയേറിയ മത്സരത്തില്‍ 129 പോയിന്റ് നേടി ബെല്‍ഫാസ്റ് സെന്റ് പോള്‍സ് സെന്റര്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കുഞ്ഞച്ചന്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഡെറി കാറ്റിക്കിസം സെന്റര്‍ 72 പോയിന്റോടെ രണ്ടാംസ്ഥാനത്തിന്റെ അല്‍ഫോന്‍സാ ട്രോഫി കരസ്ഥമാക്കി. മൂന്നാംസ്ഥാനത്തിനുള്ള മാര്‍ കാവുക്കാട്ട് മെമ്മോറിയല്‍ ട്രോഫി ലിസ്ബണ്‍ സെന്റര്‍ കരസ്ഥമാക്കി. കൂടാതെ ബാങ്കര്‍, ബാലിഹക്കമൂര്‍, പോര്‍ട്സ് ഡൌണ്‍, ആന്‍ഡ് ടീം എന്നീ കാറ്റക്കിസം സെന്ററുകളിലെ മത്സരാര്‍ഥികളുടെ സംഭാവനകളും മത്സരങ്ങള്‍ക്ക് മാറ്റുകൂട്ടി. സമ്മാനദാനത്തോടെ പൊതുസമ്മേളനം അവസാനിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍