ടെലിഫോണ്‍ ഡയറക്ടറി കീറിക്കൊണ്ട് സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ വാള്‍ട്ടര്‍ ലോക റിക്കാര്‍ഡിലേയ്ക്ക്
Tuesday, December 16, 2014 6:07 AM IST
സൂറിച്ച്: ആയിരത്തി അഞ്ഞൂറ്റി അന്‍പത്തൊന്നു പേജുള്ള ടെലിഫോണ്‍ ഡയറക്ടറി വട്ടം കീറി സൂറിച്ചുകാരന്‍ ലോക റിക്കാര്‍ഡിലേയ്ക്ക്. മ്യൂണിച്ച് ടെലിഫോണ്‍ ഡയറക്ടറി കീറുവാന്‍ വാള്‍ട്ടര്‍ക്ക് 9.3 സെക്കന്റു മാത്രമേ വേണ്ടി വന്നുള്ളൂ.

ഇതിനു മുമ്പ് 1400 പേജുളള ന്യൂയോര്‍ക്ക് ടെലിഫോണ്‍ ഡയറക്ടറി 2.4 സെക്കന്റു കൊണ്ട് വാള്‍ട്ടര്‍ കീറിയിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് ഡയറക്ടറിയുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂണിച്ചിലേതൊരു വെല്ലുവിളിതന്നെയായിരുന്നുവെന്ന് ആല്‍ബര്‍ട്ട് വാള്‍ട്ടര്‍ വെളിപ്പെടുത്തി.

മ്യൂണിച്ച് ഡയറക്ടറിക്ക് വണ്ണ കൂടുതലും പേപ്പറിന് നല്ല ഗുണമേന്മയും ഉണ്ടായിരുന്നതു കാരണം അത്ര എളുപ്പമായിരുന്നില്ല ഈ പ്രകടനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

178 സെ.മീ. ഉയരവും 93 കിലോ ഭാരവുമുള്ള വാള്‍ട്ടര്‍ തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തുവാനും മറന്നില്ല. ആഴ്ചയില്‍ ഒരു ടെലിഫോണ്‍ ഡയറക്ടറി വീതം തന്റെ 15-ാമത്തെ വയസു മുതല്‍ കീറിവരുന്നു. അതായത് കൃത്യമായ പരിശീലനവും ഏകാഗ്രതയുമാണ് തന്റെ വിജയ രഹസ്യമെന്ന് ആല്‍ബര്‍ട്ട് വാള്‍ട്ടര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍