ഇല്ലാത്തവരോടൊപ്പം ചേരുന്നതാണ് ക്രിസ്മസിന്റെ ലാളിത്യം: ഫാ. ജോഷി വെട്ടിക്കാട്ടില്‍
Tuesday, December 16, 2014 6:07 AM IST
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈദിലിംഗ് ലൂര്‍ദ്ദ് മരിയ ദേവാലയത്തില്‍ സംയുക്ത ക്രിസ്മസ് ആഘോഷവും കരോള്‍ സംഗീത മത്സരങ്ങളും നടന്നു. ക്രൈസ്തവ സഭകള്‍ ഒന്നിച്ചുള്ള എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷവും അതോടൊപ്പം കരോള്‍ സംഗീത മത്സരങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 14ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പള്ളി നിര്‍വഹിച്ചു. ക്രിസ്മസ് വിയന്ന മലയാളികള്‍ക്ക് ഒരുമയുടെ ആഘോഷ വേളയാണെന്നും ഒരുമിച്ചുള്ള ഈ ആഘോഷം ക്രൈസ്തവരെന്ന നിലയില്‍ ആട്ടിടയന്മാരോടൊപ്പം നമ്മളും ആ സദ് വാര്‍ത്തയില്‍ പങ്കുചേരുന്നുവെന്നാണ് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിയന്നയിലെ ക്രൈസ്തവ സമൂഹം വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ചു കൂടി തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത് മഹനീയമാണ്. മാര്‍ അത്തനാസിയോസ് പറഞ്ഞതുപോലെ മനുഷ്യനെ ദൈവമാക്കുവാന്‍, ദൈവം മനുഷ്യനായി അവതരിച്ചു. അതുതന്നെയാണ് ക്രിസ്മസിന്റെ സന്ദേശവുമെന്ന് ഫാ. വില്‍സണ്‍ പറഞ്ഞു.

യൌസേപ്പിനു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു 'ശങ്കിക്കേണ്ട മറിയം ഗര്‍ഭം ധരിച്ചത് പരിശുദ്ധാത്മാവിനാലാണ്' അതുകൊണ്ട് നാമെല്ലാവരും സംശയിക്കാതെ വിശ്വസിക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ഫാ. തോമസ് പ്രശോബ് ഓര്‍മിപ്പിച്ചു.

കരോള്‍ മത്സരത്തില്‍ വിയന്നയിലെ വ്യത്യസ്ത സഭാവിഭാഗങ്ങളില്‍ നിന്നുള്ള 18 ടീമുകള്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ മത്സരത്തില്‍ ഒന്നാം സമ്മാനം വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയും രണ്ടാം സ്ഥാനം സ്റാറ്റ് ലൌവിനും മൂന്നാം സമ്മാനം സിബന്‍ഹിര്‍ടന്‍ ഗ്രൂപ്പും കരസ്ഥമാക്കി.

യുവാക്കളില്‍ സെന്റ് മേരീസ് യാക്കോബായ ഇടവകയും കുട്ടികളില്‍ സെന്റ് ഗബ്രിയേല്‍ ഗ്രൂപ്പിന് ഒന്നാം സമ്മാനവും രണ്ടാം സമ്മാനം ലോഗോസിനും മൂന്നാം സ്ഥാനം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനും ലഭിച്ചു.

മത്സരത്തില്‍ പങ്കടുത്തവര്‍ക്കെല്ലാം പ്രത്യേക ക്രിസ്മസ് സമ്മാനങ്ങള്‍ ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. വില്‍സണ്‍, ഫാ. തോമസ് പ്രശോബ് എന്നിവര്‍ നല്‍കി. ഇന്ത്യന്‍ കത്തോലിക്കാ കമ്യൂണിറ്റി കണ്‍വീനര്‍ തോമസ് പടിഞ്ഞാറെക്കാലയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍