വിദേശ തൊഴിലാളികളുടെ വേതനം: അപാകത നീക്കാന്‍ ബഹറിനില്‍ പദ്ധതി
Monday, December 15, 2014 7:32 AM IST
മനാമ: രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കു കരാറില്‍ വാഗ്ദാനം ചെയ്ത ശമ്പളം കൃത്യമായും യഥാസമയവും ലഭിക്കാന്‍ ബഹറിന്‍ അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തും. തൊഴിലുടമയ്ക്കും തൊഴിലാളിക്കും സൌകര്യപ്രദമായ വിധത്തില്‍ ശമ്പളം വിതരണംചെയ്യാനും കൈപ്പറ്റാനും ഉതകുന്ന സംവിധാനം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റി(എല്‍എംആര്‍എ)യാണു നടപ്പാക്കുക.

ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ പദ്ധതിയുടെ പരിധിയില്‍ വരും. 2015 ഏപ്രിലിനകം പദ്ധതി നടപ്പാക്കും. ഇതുവഴി രാജ്യത്തെ ശമ്പളവുമായി ബന്ധപ്പെട്ട തൊഴില്‍പ്രശ്നങ്ങള്‍ കുറയുമെന്നാണു പ്രതീക്ഷ.

കരാറില്‍ വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം ലഭിക്കാത്തതാണു വിദേശ തൊഴിലാളികളില്‍നിന്ന് ഉയരുന്ന പരാതികളിലേറെയും. ശമ്പളം ബാങ്ക് അക്കൌണ്ടിലേക്കു നേരിട്ടു ലഭ്യമാക്കാനും അതു നാട്ടിലേക്ക് എളുപ്പത്തില്‍ അയയ്ക്കാനുമുള്ള സൌകര്യമാണ് ഏര്‍പ്പെടുത്തുക. ഇതിനായി മാസ്റര്‍ കാര്‍ഡ്, ബൈ ബഹറിന്‍ എന്നിവയുമായി സഹകരിക്കുന്നതിനു ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്തെ തൊഴില്‍നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള മുഴുവന്‍ അവകാശങ്ങളും തൊഴിലാളികള്‍ക്കു ലഭ്യമാക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചു യുവജനങ്ങള്‍ക്കിടയില്‍ അവബോധം ശക്തിപ്പെടുത്താനായി വര്‍ഷം തോറും മത്സരം സംഘടിപ്പിക്കുമെന്നും എല്‍എംആര്‍എ അറിയിച്ചു.

ഓരോ വര്‍ഷവും തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയത്തെ അധികരിച്ചാകും മത്സരം. ഇത്തവണ വീട്ടുജോലിക്കാരുടെ ശമ്പളം സമയത്തു ലഭിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണു മത്സരം.

റിപ്പോര്‍ട്ട്: സജീവന്‍ പൊയ്ത്തുംകടവ്