വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
Monday, December 15, 2014 7:08 AM IST
ദമാം: വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. വ്യാജവും കേടായതും കാലാവധി തീര്‍ന്നതുമായ ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുവരെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഭക്ഷ്യ സുരക്ഷ അഥോറിറ്റിയുടെ തീരുമാനം.

ഇത്തരം ഭക്ഷ്യ വസ്തുക്കളും ഭക്ഷണങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നതിന്റെ 25 ശതമാനമാണ് അവയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക. മനുഷ്യരുടെ ആരോഗ്യത്തിന് ഹാനീകരവും ഭീഷണിയും സൃഷ്ടിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് പരമാവധി പത്ത് ദശലക്ഷം റിയാല്‍ വരെ ശിക്ഷ ലഭിക്കും.

സൌദി മന്ത്രി സഭ പാസാക്കിയ പുതിയ ഭക്ഷ്യ സുരക്ഷാ നിയമത്തിലാണിത് വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ പരാമാവധി ഒരു വര്‍ഷത്തേക്ക് സ്ഥാപനം അടച്ചിടുകയും ചെയ്യും. നിയമ ലംഘനത്തിന്റ കാഠ്യന്യമനുസരിച്ച് ജയില്‍ ശിക്ഷയും നല്‍കുമെന്ന് നിയമത്തില്‍ പറയുന്നു. മനുഷ്യ ശരീരത്തിന് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കാണ് സ്ഥാപനം അടച്ചു പൂട്ടുന്നതും കൂടാതെ പിഴശിക്ഷയും ജയില്‍ ശിക്ഷയും ലഭിക്കുക. നിലവാരവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതോടപ്പം ഉപഭോക്താക്കളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കണമെന്നു പുതിയ ഭക്ഷ്യ സുരക്ഷ നിയമത്തില്‍ നിര്‍ദേശിക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം