എബിസി കാര്‍ഗോ കെ.എംസിസി ഫുട്ബോള്‍: ഐബി ടെക് ലാന്റേണ്‍ എഫ്.സിക്ക് കിരീടം
Monday, December 15, 2014 5:18 AM IST
റിയാദ്: എബിസി കാര്‍ഗോ വിന്നേഴ്സ് കപ്പിനും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ വിജയികളായ ഐബി ടെക് ലാന്റേണ്‍ എഫ്.സി കിരീടം നേടി. നിശ്ചിത സമയത്ത് രണ്ട് ഗോളുകള്‍ വീതം നേടി തുല്യത പാലിച്ചതിനെത്തുടര്‍ന്ന് നടന്ന ടൈ ബ്രേക്കറിലാണ് വെസ്റ്റേണ്‍ യൂണിയന്‍ റോയല്‍ റിയാദ് സോക്കറിനെ ലാന്റേണ്‍ എഫ്.സി പരാജയപ്പെടുത്തിയത്.

മെഗാ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച നാല് മണിക്ക് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളും മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളും തമ്മില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിജയിച്ചു. തുടര്‍ന്ന് നടന്ന സൌഹൃദമത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റിയാദ് ഒ.ഐ.സി.സി യെ പരാജയപ്പെടുത്തിയ കെ.എം.സി.സി ടീം വിജയികളായി.

മങ്കട മണ്ഡലം കെ.എം.സി.സി റിയാദിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ വടംവലി മത്സരത്തില്‍ റിമാല്‍ മലപ്പുറത്തെ പരാജയപ്പെടുത്തി റിയാദ് ടാക്കീസ് ടീം വിജയികളായി. വടംവലി മത്സരത്തില്‍ എട്ട് പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ഗോളിയില്ലാ പോസ്റ്റിലേക്ക് ഗോളടിച്ചു കയറ്റുന്ന ആവേശകരമായ മത്സരത്തില്‍ അനി യൂത്ത് ഒന്നാം സ്ഥാനവും മസൂദ് കളത്തില്‍ രണ്ടാം സ്ഥാനവും നേടി.

രാത്രി എട്ട് മണിക്കാരംഭിച്ച ഫൈനല്‍ മത്സരത്തിന്റെ ആരംഭം മുതല്‍ തന്നെ ആവേശകരമായ മുന്നേറ്റമാണ് ഇരു ടീമുകളും നടത്തിയത്. 15 ാം മിനുറ്റില്‍ അലി വണ്ടൂരിലൂടെ റോയല്‍ റിയാദ് സോക്കറാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് പൊരുതിക്കളിച്ച ലാന്റേണ്‍ എഫ്.സി മുന്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് താരം ഉമര്‍ ഫാറൂഖിന്റെ ലോംഗ് റേഞ്ച് ഷോട്ടിലൂടെ സമനില നേടി. രണ്ടാം പകുതിയില്‍ നജീബ് ചെറുമുക്ക് നേടിയ ഗോള്‍ റോയല്‍ റിയാദ് സോക്കറിന് വീണ്ടും മുന്‍തൂക്കം നല്‍കി. മത്സരം അവസാനിപ്പിക്കാന്‍ 10 മിനുറ്റുള്ളപ്പോള്‍ ഉമര്‍ ഫാറൂഖ് ലാന്റേണ്‍ എഫ്.സി യുടെ രക്ഷകനായി വീണ്ടും സമനില ഗോള്‍ നേടി. തുടര്‍ന്ന് നടന്ന ടൈ ബ്രേക്കറിലാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലിലെത്തിയ റോയല്‍ റിയാദ് സോക്കറിനെ പരാജയപ്പെടുത്തി ലാന്റേണ്‍ എഫ്.സി കിരീടം ചൂടിയത്.

കെ.എംസ.ിസി വനിതാ വിംഗിന്റെ പ്രവര്‍ത്തകരായ നിരവധി വനിതകളടക്കം ആയിരങ്ങളെ സാക്ഷിയാക്കി എ.ബി.സി കാര്‍ഗോ വിന്നേഴ്സ് കപ്പ് എ.ബി.സി കാര്‍ഗോ ഡയറക്ടര്‍ സലിം അബ്ദുല്‍ ഖാദര്‍ ലാന്റേണ്‍ എഫ്.സി ക്യാപ്റ്റന് സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹമ്മദ് കോയ ഫ്ളീരിയ റോയല്‍ റിയാദ് സോക്കറിന് നല്‍കി. സ്കൂള്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫി ജലീല്‍ തിരൂരും അബൂബക്കര്‍ പയ്യാനക്കലും സമ്മാനിച്ചു. കെ.എം.സി.സി, ഒ.ഐ.സി.സി സൌഹൃദ മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്ക് യു.പി മുസ്തഫയും ഉസ്മാന്‍ അലി പാലത്തിങ്ങലും ട്രോഫികള്‍ നല്‍കി. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായ ഉമര്‍ ഫാറൂഖിന് ജീമാര്‍ട്ട് പുരസ്കാരം ലഭിച്ചു. മികച്ച ഗോള്‍ കീപ്പര്‍ അജിംഷ് (റോയല്‍ എഫ്.സി), മികച്ച ടീം യൂത്ത് ഇന്ത്യ, മികച്ച ഡിഫന്റര്‍ സാപ്പു മമ്പാട് (ലാന്റേണ്‍ എഫ്.സി), മാന്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ഷംസു കണ്ണൂര്‍ (റോയല്‍ എഫ്.സി), ടോപ്പ് സ്കോറര്‍ അലി വണ്ടൂര്‍ (റോയല്‍ എഫ്.സി) എന്നിവര്‍ക്കും ട്രോഫികള്‍ കൈമാറി.

റിയാദിലെ ഫുട്ബോളിന് മികച്ച സംഭാവനകള്‍ നല്‍കിയ പി.സി അലി, ശരീഫ് കാളികാവ് എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍ കുന്നുമ്മല്‍ കോയ, സി.പി മുസ്തഫ എന്നിവര്‍ സമ്മാനിച്ചു. സമാപനച്ചടങ്ങില്‍ മുജീബ് ഉപ്പട ആമുഖ പ്രസംഗം നടത്തി. കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന എം.എസ്.എഫ് അധ്യക്ഷന്‍ ടി.പി അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. സലിം അബ്ദുല്‍ ഖാദര്‍, അഹമ്മദ് കോയ, തര്‍ഫീന്‍ ബഷീര്‍, നാസര്‍ അബൂബക്കര്‍, അറ്റ്ലസ് മൊയ്തു, അന്‍വര്‍ സാദത്ത്, ഷഫ്സീര്‍ വേങ്ങാട്ട്, യഹ്യ, കുമ്പള കുഞ്ഞി, റഷീദ് മേലേതില്‍, ബാലചന്ദ്രന്‍, ഉബൈദ് എടവണ്ണ, നിയാസ് ഉമര്‍, റോജി മാത്യു, അര്‍ശുല്‍ അഹമ്മദ്, ഷാജി ആലപ്പുഴ, പി.വി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റിലെ പ്രൈസ് മണി തര്‍ഫീന്‍ ബഷീര്‍, വി.കെ മുഹമ്മദ് എന്നിവര്‍ കൈമാറി.

ടൂര്‍ണമെന്റിലെ വിവിധ ഇനങ്ങളിലുള്ള ട്രോഫികള്‍ അന്‍വര്‍ സാദത്ത്, റഫീഖ് പാറക്കല്‍, മുഹമ്മദ് കോയ തങ്ങള്‍, മുസ്തഫ ചിക്കോട്, കെ.കെ കോയാമുഹാജി, റഷീദ് മണ്ണാര്‍ക്കാട്, മുഹമ്മദ് മണ്ണേരി, അബ്ദുല്‍ ഖാദര്‍ വെണ്‍മനാട്, കെ.പി മുഹമ്മദ് കളപ്പാറ, റസാഖ് വളക്കൈ, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, നൂറുദ്ദീന്‍ കൊട്ടിയം, നാസര്‍ വിളത്തൂര്‍, ബഷീര്‍ താമരശ്ശേരി, ശംസു പൊന്നാനി എന്നിവര്‍ വിതരണം ചെയ്തു. എം. മൊയ്തീന്‍ കോയ സ്വാഗതവും യു.പി മുസ്തഫ നന്ദിയും രേഖപ്പെടുത്തി.

ഫോട്ടോ1. അഞ്ചാമത് റിയാദ് കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ വിന്നേഴ്സിനുള്ള എ.ബി.സി കാര്‍ഗോ ട്രോഫി സലിം അബ്ദുല്‍ ഖാദര്‍ ലാന്റേണ്‍ എഫ്.സി ടീമിന് സമ്മാനിക്കുന്നു.
ഫോട്ടോ 2. കെ.എം.സി.സി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിലെ റണ്ണര്‍ അപ്പിനുള്ള സിറ്റി ഫ്ളവര്‍ ട്രോഫി അഹമ്മദ് കോയ റോയല്‍ റിയാദ് സോക്കര്‍ ടീമിന് നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍