സിആര്‍ഇ ലോഞ്ചിംഗും സെമിനാറും 18 ന് റിയാദില്‍
Monday, December 15, 2014 5:17 AM IST
റിയാദ്: വളര്‍ന്നു വരുന്ന കൌമാരക്കാരില്‍ മത ധാര്‍മ്മിക ബോധം വളര്‍ത്തിയെടുക്കുന്നതിനും രക്ഷാകര്‍ത്താക്കള്‍ ഭീതിയോടെ നോക്കിക്കാണുന്ന കലാലയങ്ങളിലെ അധാര്‍മ്മിക പ്രവണതയെ ചെറുക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുമായി കേരളത്തില്‍ എം.എസ്.എം വര്‍ഷങ്ങളായി നടത്തിപ്പോരുന്ന കണ്ടിന്യൂസ് റിലീജിയസ് എജുക്കേഷന്‍ (സിആര്‍ഇ) എന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് റിയാദില്‍ ഡിസംബര്‍ 18 ന് തുടക്കം കുറിക്കുന്നു.

റിയാദ് ഇസ്ലാഹി സെന്റേര്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സ്റ്റുഡന്റ്സ് എജുക്കേഷന്‍ വിംഗിന്റെ മേല്‍നോട്ടത്തില്‍ സി.ആര്‍.ഇ റിയാദ് ചാപ്റ്റര്‍ എന്ന പേരിലാണ് ഈ പദ്ധതി നടപ്പില്‍ വരിക എന്ന സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. മത ധാര്‍മ്മിക വിദ്യാഭ്യാസ രംഗങ്ങളിലും കൌണ്‍സിലിംഗിലും വിദഗ്ദരായ അധ്യാപകര്‍ ഉള്‍പ്പെടുന്ന അക്കാദമിക് കൌണ്‍സിലും അഡ്മിനിസ്ട്രേറ്റീവ് കൌണ്‍സിലും അടങ്ങുന്നതാണ് സി.ആര്‍.ഇ റിയാദ് ചാപ്റ്റര്‍.

പദ്ധതിയുടെ ലോഞ്ചിംഗ് 18 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തില്‍ വെച്ച് മത വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റിയാദ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ പദ്ധതി ഉദ്ഘാടനം ചെയ്യും. ടി.എം അഹമ്മദ് കോയ, അക്ബര്‍ വേങ്ങാട്, ഇബ്രാഹിം സുബ്ഹാന്‍, കെ.യു ഇഖ്ബാല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിക്കും.

പരിപാടിയോടനുബന്ധിച്ച് 'പ്രവാസ കൌമാരം, ധാര്‍മ്മിക സാമൂഹിക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.എം.കെ അബ്ദുസ്സത്താര്‍ (മഡാക്), നൌഫല്‍ മദീന (അസീസിയ കാള്‍ ആന്റ് ഗൈഡന്‍സ്), എസ്.വി അര്‍ശുല്‍ അഹമ്മദ് (കെ.എം.സി.സി), പി.വി അജ്മല്‍ (എം.ഇ.എസ്), നൌഷാദ് കോഴിക്കോട് (എം.എസ്.എസ്), അബ്ദുല്‍ ജബ്ബാര്‍ (സിജി) തുടങ്ങിയവര്‍ സംസാരിക്കും. ആര്‍.ഐ.സി.സി ചെയര്‍മാന്‍ സുഫിയാന്‍ അബ്ദുസലാം മോഡറേറ്റര്‍ ആയിരിക്കും. പ്രമുഖ വാഗ്മി മുബാറക് സലഫി ഉദ്ബോധന പ്രസംഗം നിര്‍വ്വഹിക്കും.

എല്ലാ ശനിയാഴ്ചയും രാവിലെ എട്ടു മുതല്‍ 12 വരെയാണ് സി.ആര്‍.ഇ ക്ളാസിന്റെ സമയം. 2015 ജനുവരി 3 ന് ക്ളാസുകള്‍ ആരംഭിക്കും. എട്ടു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. മൂന്ന് വര്‍ഷത്തെ കോഴ്സ് ആറ് സെമസ്റ്ററുകളായാണ് നടക്കുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു. കോഴ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0535563064, 0565054738, 0501643835, 0500885787 എന്നീ നമ്പറുകളിലോ രൃല@ൃശ്യമറവശഹെമവശ.രീാ എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍