മാപ്പ് താങ്ക്സ് ഗിവിംഗ് ഡിന്നറും ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും വര്‍ണാഭമായി
Saturday, December 13, 2014 10:31 AM IST
ഫിലാഡല്‍ഫിയ: നവംബര്‍ 28-ന് വൈകിട്ട് 6.30-ന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ബില്‍ഡിംഗില്‍ താങ്ക്സ് ഗിവിംഗ് ഡിന്നറും ചാരിറ്റി റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും വര്‍ണാഭമായി നടത്തപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സാബു സ്കറിയ ഏവരെയും സ്വാഗതം ചെയ്തു. പ്രോഗ്രാമിന്റെ എം.സിയായി തോമസ് ജോര്‍ജ് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് റവ.ഫാ. ജേക്കബ് ജോണ്‍ (ചാപ്ളെയിന്‍, നസ്രത്ത് ആശുപത്രി) താങ്ക്സ് ഗിവിംഗ് സന്ദേശം നല്‍കി.

മാപ്പ് ചാരിറ്റി ചെയര്‍മാന്‍ ബാബു തോമസ്, ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ ഏലിയാസ് പോള്‍, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തപെട്ട മാപ്പ് ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ഗ്രാന്‍ഡ് സ്പോണ്‍സറായ എക്സല്‍ ഓട്ടോ ബോഡിയുടെ സാരഥി ബിജു കോര സമ്മാന ദാനം നിര്‍വഹിച്ചു. ഡോ.ആനന്ദ് ഹരിദാസ് (കാര്‍ഡിയോളജിസ്റ്), കുട്ടനാട് ഗ്രോസറീസ്, കാഷ്മീര്‍ ഗാര്‍ഡന്‍ തുടങ്ങിയവര്‍ സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു.

ചാരിറ്റി ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുക കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഏഴംകുളം വില്ലേജിലുള്ള ഒരു കുടുംബത്തിനു വീട് വയ്ക്കാന്‍ സഹായം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ സാബു പാമ്പാടി, അനൂപ് ജോസഫ്, കുമാരി ജസ്ളിന്‍ എന്നിവരുടെ ഗാനങ്ങളും അനൂപ് ജോസഫ്, അനു സ്കറിയ തുടങ്ങിയവരുടെ മിമിക്രിയും കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

വിഭവ സമൃദ്ധമായ താങ്ക്സ് ഗിവിംഗ് ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും അക്കൌണ്ടന്റ് ഐപ്പ് ഉമ്മന്‍ മാരേട്ട് നന്ദി പ്രകാശിപ്പിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം