അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുക: കല കുവൈറ്റ്
Saturday, December 13, 2014 10:30 AM IST
കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലേക്ക് റിക്രൂട്ടിംഗ് നടത്തുന്നതിനുവേണ്ടി അനധികൃതമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെയും അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളെയും നിയന്ത്രിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളുടെ വാര്‍ഷിക സമ്മേളങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിരവധിപേരാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായി കുവൈറ്റ് ഉള്‍പ്പെടെ വരുന്ന ഗള്‍ഫ് നാടുകളിലേക്ക് എത്തിപ്പെടുന്നത്. ഇവിടെ എത്തിയതിനു ശേഷമാണ് പലരും വാഗ്ദാനം ജോലിയോ, പറഞ്ഞുറപ്പിച്ച ശമ്പളമോ ലഭ്യമല്ലെന്ന് തിരിച്ചറിയുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ അകപ്പെടാതിരിക്കാനുള്ള ശ്രദ്ധ ഗള്‍ഫ് നാടുകളിലേക്ക് പുറപ്പെടുന്നതിനുമുമ്പ് നടത്താന്‍ തൊഴിലന്വേഷകരോടും മനുഷ്യ കടത്തിന് നേതൃത്വം കൊടുക്കുന്ന ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളും തയാറാകണമെന്നും വിവിധ യൂണിറ്റ് സമ്മേളങ്ങള്‍ അംഗീകരിച്ച പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു.

ഖൈത്താന്‍ ഇമ്പീരിയല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന ഖൈത്താന്‍ യൂണിറ്റ് സമ്മേളനം കല കുവൈറ്റ് കേന്ദ്ര സമിതി അംഗം സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. അജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ അരവിന്ദാക്ഷന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റാലിന്‍, ഫിറോസ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മേഖല സെക്രട്ടറി രാജന്‍ സി. കുളക്കട കേന്ദ്ര സമിതി അംഗം വിജീഷ് യു.പി. എന്നിവര്‍ അഭിവാദ്യം ചെയ്തു. സമ്മേളനം പുതിയ കണ്‍വീനറായി ഷംസുദ്ദീനെയും ജോയിന്റ് കണ്‍വീനര്‍മാരായി സിദ്ധാര്‍ഥ് എന്നിവരെയും തെരഞ്ഞെടുത്തു. ഷാനവാസ് സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പ്രകാശിപ്പിച്ചു.

അബാസിയ ഡി യൂണിറ്റ് സമ്മേളനം ജെ.ആല്‍ബര്‍ട്ടിന്റെ അധ്യഷതയില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സുരേഷ് ചവറ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുബീഷ് പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ബാലഗോപാലന്‍, സാമൂഹ്യ വിഭാഗം സെക്രട്ടറി മൈക്കല്‍ ജോണ്‍സന്‍, സജി തോമസ് മാത്യു എന്നിവര്‍ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.

യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ബിജുജോസ് (കണ്‍വീനര്‍) സിദ്ധാര്‍ഥ്, നൂറുല്‍ ഹാഷിം (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് സാജിദ്.സി.പി. സ്വാഗതവും നന്ദി ടി.കെ.സൈജുവും പറഞ്ഞു.

ഹവല്ലിയില്‍ ചേര്‍ന്ന നുഗ്ര ഹവല്ലി സമ്മേളനം ട്രഷറര്‍ റെജി കെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സജിത്ത് കടലുണ്ടി വാര്‍ഷിക റിപ്പോര്‍ട്ടും എസ്തപ്പാന്‍ പ്രമേയവും അവതരിപ്പിച്ചു. അഭിവാദ്യം ചെയ്തുകൊണ്ട് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, മേഖല സെക്രട്ടറി രാജന്‍ സി. കുളക്കട, അബ്ദുള്‍ നിസാര്‍, ടി.വി.ഹിക്മത്ത് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കൃഷ്ണകുമാര്‍ (കണ്‍വീനര്‍) സുധീര്‍, നസീര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും 13 അംഗ യൂണിറ്റ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. സജിത്ത് സ്വാഗതവും കൃഷ്ണകുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.

അബാസിയ ഇ യൂണിറ്റ് സമ്മേളനം ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസ് ഹാളില്‍ (കല സെന്റര്‍ അബാസിയ) കല കുവൈറ്റ് പ്രസിഡന്റ് ജെ സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ രാജേഷ്കെ.എം. യൂണിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല സെക്രട്ടറി സി.കെ.നൌഷാദ്, സജി തോമസ് മാത്യു, മൈക്കല്‍ ജോണ്‍സന്‍, ടി.വി.ഹിക്മത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.

യൂണിറ്റിന്റെ പുതിയ കണ്‍വീനറായി കെ.എം രാജേഷിനെ വീണ്ടും തെരഞ്ഞടുത്തു. നുസ്രത് സകറിയ, അജിത് കുമാര്‍ എന്നിവരെ ജോ. കണ്‍വീനര്‍മാരായും പതിനഞ്ചംഗ യൂണിറ്റ് എക്സിക്യുട്ടീവിനെയും തെരഞ്ഞെടുത്തു. അജിത്കുമാര്‍ സ്വാഗതവും ദിപിന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍