സീറോ മലബാര്‍ മതബോധനസ്കൂള്‍ കുട്ടികള്‍ ബൊറോമിയോ സെമിനാരി സന്ദര്‍ശിച്ചു
Saturday, December 13, 2014 10:29 AM IST
ഫിലാഡല്‍ഫിയ: ആഗോള കത്തോലിക്കാസഭ 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി രണ്ടു വരെ സമര്‍പ്പിതവര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ ഉള്‍വിളി നെഞ്ചിലേറ്റി ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളും അധ്യാപകരും ഫിലാഡല്‍ഫിയ അതിരൂപതയുടെ വൈദിക പഠനകേന്ദ്രമായ സെന്റ് ചാള്‍സ് ബോറോമിയോ സെമിനാരി സന്ദര്‍ശിച്ചു.

ഇടവക വികാരി റവ. ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരിയുടെ അഭാവത്തില്‍ സെന്റ് ജോ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറും കോട്ടയം വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠം മുന്‍ പ്രസിഡന്റുമായ റവ. ഡോ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ മതബോധനസ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, മതാധ്യാപകരായ ജോസഫ് ജയിംസ്, ജോസ് ജോസഫ്, സോബി ചാക്കോ, മഞ്ജു സോബി, ജേക്കബ് ചാക്കോ, ജോസ് മാളേയ്ക്കല്‍, തോമസ്കുട്ടി സൈമണ്‍, റോഷന്‍ ഫിലിപ്പ് എന്നിവര്‍ എട്ടു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെയുള്ള സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെമിനാരി സന്ദര്‍ശിച്ചു.

ഡിസംബര്‍ ഏഴിന് (ഞായര്‍) ഇടവകയില്‍ ദൈവവിളി ദിനമായി ആചരിക്കുകയും റവ. ഡോ. മാത്യു മണക്കാട്ട് ദിവ്യബലി അര്‍പ്പിച്ച് സമര്‍പ്പിതജീവിതം നയിക്കുന്ന അനേകായിരം ദൈവികശുശ്രൂഷകരെ അനുസ്മരിച്ച് അവര്‍ക്കായി പ്രത്യേകപ്രാഥനകള്‍ അര്‍പ്പിക്കുകയും സെമിനാരി പ്രഫസറായിരുന്ന തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ദൈവവിളിയുടെ പ്രാധാന്യം ദിവ്യബലി സന്ദേശത്തിലൂടെ യുവതലമുറക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

വടക്കേ അമേരിക്കയിലെ സെമിനാരികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സെന്റ് ചാള്‍സ് ബോറോമിയോ സെമിനാരി 1832 ല്‍ ഫിലാഡല്‍ഫിയായുടെ മൂന്നാമത്തെ ബിഷപായ ഫ്രാന്‍സിസ് കെന്‍ഡ്രിക്ക് ആണ് സ്ഥാപിച്ചത്. അഞ്ചു വൈദികവിദ്യാര്‍ഥികളുമായി ഫിലാഡല്‍ഫിയ ഫിഫ്ത് സ്ട്രീറ്റിലുള്ള തന്റെ വസതിയില്‍ സെമിനാരിക്കാരുടെയും സണ്‍ഡേസ്കൂളിന്റെയും മധ്യസ്ഥനായ വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ പേരില്‍ തുടക്കമിട്ട സെമിനാരി 1871 ല്‍ ഫിലാഡല്‍ഫിയായുടെ പ്രാന്തപ്രദേശമായ ഓവര്‍ബ്രൂക്കിലുള്ള ഇപ്പോഴത്തെ വസതിയിലെത്തി. ഒരു നൂറ്റാണ്ടിനപ്പുറമുള്ള വളര്‍ച്ചയില്‍ നാലു പ്രമുഖ പഠനകേന്ദ്രങ്ങളുള്ള ഒരു മേജര്‍ സെമിനാരിയായി ഇത് ഇന്ന് ഉയര്‍ന്നിരിക്കുന്നു.

ഫിലാഡല്‍ഫിയായുടെ നാലാമത്തെ ബിഷപ്പായിരുന്ന സെന്റ് ജോ ന്യൂമാന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ എന്ന പദവിയിലെത്തുകയും ഇന്നു നാം കാണുന്ന അമേരിക്കയിലെ കാത്തലിക് സ്കൂള്‍ സിസ്റത്തിന് തുടക്കമിടുകയും ചെയ്തു.

ഇപ്പോഴത്തെ റെക്ടര്‍ ബിഷപ് തിമോത്തി സീനിയര്‍ ഉള്‍പ്പെടെ ധാരാളം ബിഷപ്പുമാരെ സംഭാവനചെയ്തിട്ടുള്ള ബൊറോമിയോ സെമിനാരി ഫിലാഡല്‍ഫിയ അതിരൂപതയുടെ ഉന്നത വൈദികവിദ്യാഭ്യാസകേന്ദ്രം കൂടിയാണ്.

സെമിനാരിയന്മാരായ ഷിലേന്ദ്ര, ടിം എന്നിവര്‍ ടീമംഗങ്ങളെ സെമിനാരിയിലെ വിവിധ പഠനകേന്ദ്രങ്ങളും ചാപ്പലുകളും റയന്‍ മെമ്മോറിയല്‍ ലൈബ്രറിയും കൊണ്ടുനടന്ന് കാണിച്ചു. ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളൂ റയന്‍ ലൈബ്രറി അമേരിക്കയിലെ തന്നെ വലിയ ലൈബ്രറികളിലൊന്നാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേറ്റിവിറ്റി സെറ്റുകള്‍ അവിടെ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.

ഫസിലിറ്റി ടൂറിനെ തുടര്‍ന്ന് സെമിനാരി വൊക്കേഷന്‍ ഡയറക്ടര്‍ റവ. ഫാ. സ്റീവന്‍ ഡീലാസിയുടെ രസകരമായ ക്ളാസ് കുട്ടികളും അധ്യാപകരും വളരെയധികം ആസ്വദിച്ചു. വൊക്കേഷനെ സംബന്ധിച്ച് വളരെ ലളിതമായ ഭാഷയില്‍ നര്‍മത്തില്‍ ചാലിച്ച് അദ്ദേഹം അവതരിപ്പിച്ച ക്ളാസ് കുട്ടികള്‍ കൈയടിയോടെ സ്വീകരിച്ചു. തുടക്കത്തില്‍ അദ്ദേഹം നടത്തിയ മല്‍സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സെമിനാരിയുടെ വക ടീ ഷര്‍ട്ടുകള്‍ സമ്മാനമായി ലഭിച്ചു. എല്ലാവര്‍ക്കുംവേണ്ടി തോമസ്കുട്ടി സൈമണ്‍ നന്ദി പ്രകാശിപ്പിച്ചു.

ലഘുഭക്ഷണത്തിനുശേഷം സെമിനാരിയന്മാര്‍ അവതരിപ്പിച്ച ക്രിസ്മസ് കസേര്‍ട്ട് എല്ലാവരും ആസ്വദിച്ചു. സെമിനാരി റെക്ടര്‍ ബിഷപ്പ് തിമോത്തി സീനിയര്‍ ക്രിസ്മസ് സന്ദേശം നല്‍കി.

സമര്‍പ്പിതരുടെ പഠനരീതികളെയും ജീവിതരീതികളെയും പ്രവര്‍ത്തനമേഖലകളെകളെയും കുറിച്ച് അവഗാഹമായ അറിവും അനുഭവസമ്പത്തും ആര്‍ജിക്കുന്നതിനും പ്രേഷിതരംഗങ്ങളില്‍ ജോലിചെയ്യുന്ന എല്ലാവരോടും ആദരവു പുലര്‍ത്തുന്നതിനുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനും സെമിനാരി സന്ദര്‍ശനം ഉപകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍