മൈന്റ് ട്യൂ വര്‍ക്ഷോപ്പ് നവ്യാനുഭവമായി
Friday, December 12, 2014 10:07 AM IST
കുവൈറ്റ്: മനസിന്റെ സൃഷ്ടിയായ ഭ്രാന്തമായ സ്വപ്നങ്ങളാണ് പ്രബഞ്ചത്തെ മനുഷ്യന്റെ വിരല്‍ തുമ്പുകൊണ്ട് നിയന്ത്രിക്കുന്നതിന് വഴിയൊരുക്കിയതെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്സസ് കോച്ചുമായ സി.എ റസാഖ് അഭിപ്രായപ്പെട്ടു.

'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍ ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ മൈന്റ് ട്യൂ വേവ്സ് ജിസിസി കാംപയിനിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈറ്റ് ചാപ്റ്റര്‍ അബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച മൈന്റ് ട്യൂ വര്‍ക്ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബഞ്ചത്തെ മുഴുവന്‍ അതിജയിക്കാനുള്ള ഉള്‍ക്കരുത്ത് ഉപബോധ മനസ് ഉല്‍കൊള്ളുന്നുണ്ട്. ജീവിത വിജയത്തിന്റെ ഉയര്‍ന്നതലങ്ങള്‍ വെട്ടിപ്പിടിക്കാനും ഊഷ്മളമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും നിലനിര്‍ത്താനും ഉപബോധ മനസിനെ ശരിയായി ചിട്ടപ്പെടുത്തുന്നതിലൂടെ മാത്രമേ സാധിക്കൂ.

മനഃശാന്തിയുടെ സൌഭാഗ്യം, ആരോഗ്യം, അടിസ്ഥാന സമ്പാദ്യം, സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യങ്ങള്‍, സാമ്പത്തിക വളര്‍ച്ചയും മനസിന്റെ പങ്കാളിത്തവും ബിസിനസ് വിജയത്തിന്റെ എളുപ്പവഴികള്‍, ഇഷ്ടപ്പെട്ട ജോലിയുടെ സുഖം, സമയം കൈപിടിയില്‍ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളില്‍ ആധുനിക മനഃശാസ്ത്ര പഠന ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങളാണ് മൈന്റ് ട്യൂ ട്രൈനേഴ്സ് പ്രധാനമായും നല്‍കുന്നതെന്ന് സി.എ റസാഖ് സൂചിപ്പിച്ചു.

അബാസിയ കമ്യൂണിറ്റി ഹാളിലെ വര്‍ക്ഷോപ്പില്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്ത നൂറില്‍പരം ആളുകളുടെ സാന്നിധ്യം സംഗമത്തിന് മാറ്റുകൂട്ടി. ഖൈതാനിലെ രാജധാനിയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ററാക്ടീവ് വര്‍ക്ഷോപ്പും ലേബര്‍ തൊഴിലാളികള്‍ക്ക് പ്രത്യേക സെഷനും സംഘടിപ്പു. മൈന്റ് ട്യൂ ജിസിസി ഡയറക്ടറും ഖത്തര്‍ യൂണിറ്റി കോഓര്‍ഡിനേറ്ററുമായ മഷ്ഹൂദ് തിരുത്തിയാട്, ഫോക്കസ് ചെയര്‍മാന്‍ എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍