മനുഷ്യാവകാശദിനത്തില്‍ നിലനില്‍പ്പിനായുള്ള സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി അയനം ഓപ്പണ്‍ ഫോറം
Friday, December 12, 2014 10:06 AM IST
കുവൈറ്റ്: ലോകമനുഷ്യാവകാശദിനത്തിന്റെ ഭാഗമായി അയനം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച പരിപാടി അതിജീവനത്തിനും അഭിപ്രായ സ്വാതന്ത്യ്രത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുന്ന എല്ലാ സമരങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനുള്ള വേദിയായി.

പൌരാവാകാശങ്ങളുടെ പെരുമ്പറ മുഴക്കാറുള്ള സകല ജനാധിപത്യവാദികളുടേയും പൌര ബോധത്തെ അലോസരപ്പെടുത്താതെ നില്‍പ്പ് സമരം നാളുകള്‍ പിന്നിടുകയാണ്. അധികാര രാഷ്ട്രീയത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും ഇരകളായ ഒരു കൂട്ടം മനുഷ്യര്‍ കാലാകാലങ്ങളിലായി നടത്തിവന്ന ചെറുത്തു നില്‍പ്പുകള്‍ക്കൊടുവിലും ജീവിക്കാനുള്ള അവകാശത്തിനായി ഇപ്പോഴും നില്‍ക്കുകയാണ്.

'എന്റെ ശരീരം തന്നെ എന്റെ സമരായുധം' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈറോം ഷര്‍മിള നടത്തുന്ന ഉജ്ജ്വലസമരം ഓരോരോ മനുഷ്യാവകാശദിനം കഴിഞ്ഞുപോകുമ്പോഴും ഭരണകൂടങ്ങളുടെ അവഗണന മാത്രം ലഭിച്ചു കൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ക്കിരകളാകുന്നവര്‍ക്ക് പിന്തിരിഞ്ഞുനില്‍ക്കാനാവില്ല. നാടിന്റെ പല ഭാഗത്തും അവര്‍ തങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമരങ്ങളുയര്‍ത്തിക്കൊണ്ടുവന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, കേരളത്തിന്റെ പല ഭാഗത്തും പാടം നികത്തലും കുഴിക്കലും കുന്നിടിക്കലും പാറപൊട്ടിക്കലും മറ്റും മൂലം ദുരിതമനുഭവിക്കുന്നവര്‍, നദിയിലെ മണല്‍ വാരലിനെതിരെ പോരാടുന്നവര്‍, പ്ളാച്ചിമട പോലെ ജീവജലം നഷ്ടപ്പെട്ടവര്‍, കാതിക്കുടത്തും, ഏലൂരും ചാലിയാറും പോലെ ജലം മലിനീകരിക്കപ്പെട്ടവര്‍ തുടങ്ങി നൂറുകണക്കിന് ചെറിയ സമരങ്ങള്‍ ഇന്നും തുടരുന്നു.

നാടിനൊപ്പം തന്നെ പിറന്ന മണ്ണ് വിട്ട് ഉപജീവനത്തിനായി മറുനാട്ടിലെത്തുന്ന സ്ത്രീകളടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിമകളെ പോലെ അസ്വാതന്ത്യ്രം അനുഭവിക്കുന്നു. മാനാഭിമാനത്തിന്റെ എല്ലാ ഉടയാടകളുമഴിഞ്ഞ് മനുഷ്യത്വത്തിന്റെ അവസാന കണികയും മറഞ്ഞ് മരിച്ചു ജീവിക്കുന്ന സഹോദരിമാരെ, നൂറുകണക്കിന് ആടു ജീവിതങ്ങളെ നമുക്കെങ്ങനെ മറക്കാനാവും. നമുക്കുള്ളതും അവര്‍ക്കില്ലാത്തതുമായ മാനുഷികമായ അവകാശങ്ങള്‍ ഒരു മനുഷ്യാവാകാശ ദിനത്തില്‍ ഒത്തുചേരലും ഓര്‍മപ്പെടുത്തലും എന്നതിനപ്പുറം നിരന്തരം നമ്മെ പൊള്ളിക്കുന്നതും അവര്‍ക്കായി നിലകൊള്ളാനും പണിയെടുക്കാനും ജാഗ്രത്തായ ഒരു ബോധ്യം സൂക്ഷിക്കാനും കെല്‍പ്പുള്ളതാവണമെന്ന് അയനം ജോയിന്റ് കണ്‍വീനര്‍ ഷാജി രഘുവരന്‍ അവതരിപ്പിച്ച ഐക്യദാര്‍ഡ്യ പ്രമേയം ഓര്‍മിപ്പിച്ചു. സദാചാര പോലിസിംഗിനെതിരെ പുതിയ സമരമുഖം തുറന്ന ചുംബന സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പരിപാടിയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.

മനുഷ്യാവകാശ ചരിത്രം സമഗ്രമായി വിശദീകരിക്കുന്ന ഡോക്കുമെന്ററി പ്രദര്‍ശനം ഏറെ മികവുറ്റതായി. ജോണ്‍ മാത്യു, ബര്‍ഗ് മാന്‍ തോമസ്, സാം പൈനുമൂട്, അന്‍വര്‍ സയിദ്, സത്താര്‍ കുന്നില്‍, ലിസി കുര്യാക്കോസ്, ശ്രീം ലാല്‍, ധര്‍മ്മരാജ് മടപ്പള്ളി, ബഷീര്‍ ബാത്ത, മുജിബുള്ള, ഷൈജിത്, വി.പി.മുകേഷ്, ഹരീഷ്, മുഹമ്മദ് റിയാസ്, റഫീക് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു. സിദ്ദിഖ് വലിയകത്ത്, ജോയ് മുണ്ടക്കാട്ട്, രഘുനാഥന്‍ നായര്‍ , ജോണ്‍ മാത്യു സക്സസ് ലൈന്‍, സുരേഷ് മാത്തൂര്‍, ബിജി രാമകൃഷ്ണന്‍, സുജിരിയ, വേണു, ഹസ്സന്‍ കോയ, ഹനീഫ, പ്രവീണ്‍, വിനോദ് തുടങ്ങി കുവൈറ്റിലെ വിവിധ സാമൂഹിക സംഘങ്ങളുടെ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഐക്യദാര്‍ഡ്യ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

നില്‍പ്പ് സമരത്തിന്റെ പ്രതീകമായി മാറിയ ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത അംബിക രാജേഷ് ഹൃദ്യമായി അവതരിപ്പിച്ചു. ബിജു തിക്കൊടി, ഉത്തമന്‍ വളത്തുകാട്, ശ്രീനിവാസന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കുള്ള ഉപഹാരം അയനം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ്, സത്താര്‍ കുന്നില്‍ എന്നിവര്‍ നല്‍കി. ഇക്ബാല്‍ കുട്ടമംഗലം, സാബു പീറ്റര്‍, ഹബീബുള്ള മുറ്റിച്ചൂര്‍, റെജി ഭാസ്ക്കര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അബ്ദുള്‍ ഫത്താഹ് തൈയില്‍ നിയന്ത്രിച്ചു. ഏറെ വ്യത്യസ്തത പുലര്‍ത്തിയ മനുഷ്യാവകാശ ദിന പരിപാടിയില്‍ അസീസ് തിക്കൊടി സ്വാഗതവും ഷെരീഫ് താമരശേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍