ബ്രിട്ടനില്‍ അനധികൃത ചിട്ടി നടത്തിയ മലയാളികളുടെ അക്കൌണ്ടുകള്‍ മരവിപ്പിച്ചു
Friday, December 12, 2014 6:21 AM IST
ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃതമായി ചിട്ടി ഇടപാടുകള്‍ നടത്തുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണവും നടപടികളും ആരംഭിച്ചു. മലയാളികള്‍ അടക്കം പലരുടെയും ബാങ്ക് അക്കൌണ്ടുകള്‍ ഇതിനകം മരവിപ്പിച്ചുകഴിഞ്ഞു.

യുകെ മലയാളി സമൂഹത്തിനിടയില്‍ അടുത്തിടെ ചിട്ടികളും കുറികളും വളരെ വ്യാപകമായിരുന്നു. നിയമപരമായ അനുമതിയോ ലൈസന്‍സോ എടുക്കാതെയാണ് മിക്കവരും ഇതു നടത്തുന്നത്. പലരും ഇതിന്റെ ഗൌരവം മനസിലാക്കാതെ സ്വന്തം അക്കൌണ്ടുകളിലേക്കു തന്നെയാണ് മാസപിരിവ് സ്വീകരിച്ചുവരുന്നത്. എല്ലാ മാസവും അക്കൌണ്ടുകളില്‍ കൃത്യമായ തുകകളില്‍ പലരില്‍നിന്നു നിക്ഷേപിക്കപ്പെടുന്നതു ശ്രദ്ധയില്‍പ്പെട്ട ബാങ്ക് അധികൃതരാണ് നടപടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്.

ബാങ്ക് വഴി നിക്ഷേപം സ്വീകരിക്കുന്നവരോട് ഇതിന്റെ വിശദീകരണം തേടിയിരിക്കുകയാണ് ബാങ്കുകള്‍. ലണ്ടന്‍, സ്റ്റീവനേജ്, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ ചിട്ടി നടത്തിയിരുന്ന മൂന്നു മലയാളികളുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചവയില്‍പ്പെടുന്നു. മൂവരും ചിട്ടി നടത്തിവരുന്നവരാണ്.

ഒരാളുടെ പേരില്‍ എല്ലാ മാസവും ബാങ്കില്‍ 24 പേരില്‍നിന്നായി ഇരുപതിനായിരം പൌണ്ടാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. മറ്റൊരാളുടെ പേരില്‍ പതിനയ്യായിരവും. ഇവയൊക്കെ മരവിപ്പിക്കപ്പെട്ടതോടെ പലരും ദൈനംദിന ചെലവുകള്‍ക്കു പോലും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ഇവര്‍ മാത്രമല്ല, ഇവരുടെ ചിട്ടിയില്‍ പണം നിക്ഷേപിച്ചവരും അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍