മൊണാക്കോ രാജകുമാരിക്ക് ഇരട്ടക്കുട്ടികള്‍
Friday, December 12, 2014 6:20 AM IST
മൊണാക്കോ: മൊണാക്കോയിലെ രാജകുമാരി ഷാര്‍ലീന് ഇരട്ടക്കുട്ടികള്‍ പിറന്നു. ഗബ്രിയേല എന്നും ജാക്വസ് എന്നുമാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

മൊണാക്കോയിലെ കിരീടാവകാശി കൂടിയായിരിക്കും ജാക്വസ്. രണ്ട് മിനിറ്റിന് മൂപ്പ് കൂടുതല്‍ ഗബ്രിയേലയ്ക്കാണെങ്കിലും പെണ്ണായതിനാല്‍ കിരീടാവകാശമില്ല. തെക്കന്‍ ഫ്രഞ്ച് തീരത്തുള്ള സമ്പന്നമായ പ്രിന്‍സിപ്പാലിറ്റിയാണ് മൊണാക്കോ.മൊണാക്കോയിലെ ഗ്രേസ് കെല്ലി ഹോസ്പിറ്റലിലായിരുന്നു ഇരട്ടകളുടെ ജനനം.

സിംബാംവേയില്‍ ജനിച്ച മുന്‍ ഒളിംപിക് നീന്തല്‍ താരമാണ് ഷാര്‍ലിന്‍. മുപ്പത്താറുകാരിയുടെ ഭര്‍ത്താവ് അമ്പത്താറുകാരനായ ആല്‍ബര്‍ട്ട് രാജകുമാരന്‍. അന്തരിച്ച ഹോളിവുഡ് നടി ഗ്രേസ് കെല്ലിയാണ് ഇദ്ദേഹത്തിന്റെ അമ്മ. 2011 ലാണ് ആല്‍ബെര്‍ട്ടും ഷാര്‍ലിനും വിവാഹിതരായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍