ഇന്ത്യയ്ക്കു പിന്നാലെ സ്പെയിനിലും യൂബര്‍ ടാക്സി നിരോധിച്ചു
Friday, December 12, 2014 5:09 AM IST
മാഡ്രിഡ്: ഇന്ത്യയില്‍ യൂബര്‍ ടാക്സി നിരോധിച്ച കോടതി ഉത്തരവിറങ്ങി തൊട്ടടുത്ത ദിവസം സ്പെയിനിലും ഇതു നിരോധിച്ചു. മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷന്‍ വഴി ടാക്സി സര്‍വീസ് ബുക്ക് ചെയ്യുന്ന രീതിയാണ് അമേരിക്കന്‍ കമ്പനിയായ യൂബര്‍ അവലംബിക്കുന്നത്.

മതിയായ അനുമതിരേഖകളില്ലാതെയാണ് യൂബര്‍ ടാക്സി പ്രവര്‍ത്തിക്കുന്നതെന്ന് സ്പാനിഷ് അധികൃതര്‍. ഇന്ത്യയില്‍, യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതു നിരോധിച്ചത്. കഴിഞ്ഞ ദിവസം യൂബര്‍ ടാക്സിയില്‍ സഞ്ചരിച്ച ഐടി ജീവനക്കാരിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

സമാനമായ പല പരാതികളും യൂബര്‍ ടാക്സിയെക്കുറിച്ച് പല രാജ്യങ്ങളിലും ഉയരുന്നു. പല രാജ്യങ്ങളും ഇതു നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. സ്പെയ്നില്‍ ഇവര്‍ക്കെതിരേ പരാതി നല്‍കിയത് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നെയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ യൂബര്‍ ടാക്സി സംവിധാനം അധികം പ്രചാരമായില്ലെങ്കിലും ലോകത്തില്‍ ഇന്‍ഡ്യയുള്‍പ്പടെ 52 രാജ്യങ്ങളിലാണ് യൂബര്‍ ടാക്സി സംവിധാനം നിലവിലുള്ളത്. ഓസ്ട്രേലിയയില്‍ ഇതുവരെ ഈ സംവിധാനം തുടങ്ങിയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍