നിരാലംബരായവര്‍ക്ക് ക്രിസ്മസ് വിരുന്നൊരുക്കി പ്രോസി ഗ്ളോബല്‍ ചാരിറ്റിയുടെ ഹോപ് ഫോര്‍ ദി ബെസ്റ് സമാപിച്ചു
Thursday, December 11, 2014 6:22 AM IST
വിയന്ന: ഒരുവശത്ത് ക്രിസ്മസ്, ആഘോഷങ്ങളുടെയും ഷോപ്പിംഗിന്റെയും ആഹ്ളാദത്തിന്റെയും ദിവസമായി കാണുമ്പോള്‍ മറുവശത്ത് ഭക്തിയുടെയും വിശ്വാസത്തിന്റെയുമൊക്കെ അവസരമായിട്ടാണ് ലോകമെങ്ങും മനുഷ്യര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. അതേസമയം വേറൊരുവശത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ അര്‍ഥവത്താകണമെങ്കില്‍ ദുഃഖിതര്‍ക്കും പീഡിതര്‍ക്കുകൂടി ആഘോഷിക്കാന്‍ അവസരം നല്‍കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത്തരം ഒരു പരിശ്രമത്തില്‍ നിന്നാണ് പ്രോസി ഗ്ളോബല്‍ ചാരിറ്റി ഓസ്ട്രിയയില്‍ ഭവനരഹിതരായി ജീവിക്കുന്നവര്‍ക്കുവേണ്ടി 'ഹോപ് ഫോര്‍ ദി ബെസ്റ്' എന്ന പേരില്‍ ആദ്യമായി ഒരു സൌജന്യ ക്രിസ്മസ് പാര്‍ട്ടിയ്ക്ക് 2013ല്‍ തുടക്കമിട്ടത്.

മനുഷ്യഹൃദയങ്ങള്‍ കരുണാര്‍ദ്രമാകണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് വിയന്നയിലെ ഭവനരഹിതരായവര്‍ക്കുവേണ്ടി പ്രോസി ഗ്ളോബല്‍ ചാരിറ്റി ഈ വര്‍ഷവും ഹോപ് ഫോര്‍ ദി ബെസ്റ് ക്രിസ്മസ് പാര്‍ട്ടി സംഘടിപ്പിച്ചു. സ്വന്തമായി വീടില്ലാത്തവരും ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിവില്ലാത്തവരും ഏതെങ്കിലും തരത്തില്‍ ജീവിതത്തില്‍ സന്തോഷിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരും ആരോരുമില്ലാതെ വാര്‍ധക്യസഹജമായ ക്ളേശത്താല്‍ കഷ്ടതയനുഭവിക്കുന്നവരുമൊക്കെ ആയിരുന്നു ഈ ക്രിസ്മസ് പാര്‍ട്ടിയിലെ അതിഥികള്‍.

ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭവനരഹിതരായ അഞ്ഞൂറോളം പേരും വിയന്നയിലെ അന്തരാഷ്ട്ര സമൂഹത്തെ പ്രതിനിധീകരിച്ചു ഏകദേശം നൂറ്റിഅമ്പതോളം പേരും പങ്കെടുത്ത പാര്‍ട്ടിയില്‍ ഓസ്ട്രിയയിലെ സാമൂഹ്യ വകുപ്പിന്റെ മന്ത്രി റുഡോള്‍ഫ് ഹുണ്ട്സ്ട്രോര്‍ഫെര്‍ മുഖ്യാതിഥിയായിരുന്നു. വിയന്ന ബിഷപ് ഡോ. ഫ്രാന്‍സ് ഷാര്‍ള്‍, ഓള്‍ഡ് കാത്തലിക് ബിഷപ് ഒക്കൊറോ ജോണ്‍, മേയര്‍ വെറോനിക്ക മൈക്കിള്‍ ഗൊറ്റ്ഫ്രെഡ് (ഓവിപി), ഗേര്‍ത്തി ബ്രിന്ധല്‍മായര്‍(ഗ്രീന്‍ പാര്‍ട്ടി), ഹെറാള്‍മഡ് കലാസേക്ക്, ഗെര്‍നോത് സ്റയര്‍, ഗായകന്‍ ഹോര്‍സ്റ് ഷമേല, ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, ഫാ. റൂഡി ഫ്ലെക്ക്, ഫാ. ഒനയെക്കെ നൈജീരിയ എന്നിവരും വിയന്നയിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നുള്ള നിരവധി വ്യക്തിത്വങ്ങളും പരിപാടിയുടെ ഭാഗമായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവന സംരംഭങ്ങളും മനുഷ്യരുടെ സംസ്കാരമായി മാറണമെന്ന് ചടങ്ങില്‍ മന്ത്രി ഹുണ്ട്സ്ട്രോര്‍ഫെര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഒറ്റപ്പെടലിന്റെയും വേദയുടെയും ഇരുട്ട് പടര്‍ന്ന കണ്‍കളില്‍ ക്രിസ്മസ് വേളയിലെങ്കിലും അല്‍പ്പം സ്നേഹബാഷ്പം നിറയ്ക്കാന്‍ സാധിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷിക്കുന്നുവെന്നു വിയന്ന ബിഷപ് ഡോ. ഷാര്‍ള്‍ പറഞ്ഞു. വാണിജ്യവത്കരിക്കപ്പെട്ട ഒരു ആഘോഷം മാത്രമായി ക്രിസ്മസിനെ മാറ്റാതെ സാധിക്കുന്ന വിധത്തില്‍ ആരെയെങ്കിലുമൊക്കെ സന്തോഷിപ്പിക്കാന്‍കൂടി കഴിയുന്നതില്‍ ദൈവത്തിന് നന്ദി പറയുന്നതായി പ്രോസി ഗ്ളോബല്‍ ചാരിറ്റിയുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

പ്രശസ്ത ഗായകന്‍ ഹോര്‍സ്റ് ഷമേലയുടെയും സംഗീതം ആഘോഷ പരിപാടികളുടെ മുഖ്യാകര്‍ഷണമായിരുന്നു. മറ്റു നിരവധി സാംസ്കാരിക പരിപാടികളും അരങ്ങേറി. ഫിലിപ്പൈന്‍സില്‍ നിന്നുള്ള കപ്പിള്‍സ് ഫോര്‍ ക്രൈസ്റ് ക്വയറിന്റെ പ്രത്യേക ക്രിസ്മസ് കാരോള്‍ ആലാപനം ഏറെ ശ്രദ്ധേയമായി. മലയാളി കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഹൃദ്യമായ കാഴ്ച്ചയായി. ഗ്രേഷ്മ പള്ളിക്കുന്നേല്‍, ദാവിദ് പ്ളോയച്ചല്‍ എന്നിവര്‍ അവതാരകരായിരുന്നു. അബ്ദുള്‍ അസിസിന്റെ മേല്‍നോട്ടത്തില്‍ തയാറാക്കിയ ഇന്ത്യന്‍ ഭക്ഷണവും മറ്റു വിവിധ ഭക്ഷണപാനിയങ്ങള്‍ പാര്‍ട്ടി ഏറെ ആസ്വാദ്യകരമാക്കി.

പാര്‍ട്ടിയോടൊപ്പം തന്നെ പ്രോസി വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു. വിയന്ന നഗരത്തിന് പുറത്ത് നിന്നുവരെ ആളുകള്‍ വസ്ത്രങ്ങള്‍ ദാനം ചെയ്യാന്‍ പ്രോസിയില്‍ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. മലയാളികളും വിദ്യാര്‍ഥികളുമടക്കം ഓസ്ട്രിയക്കാരായ നിരവധി സന്നദ്ധസേവകര്‍ പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ംംം.ുൃീശെഴഹീയമഹരവമൃശ്യേ.രീാ

റിപ്പോര്‍ട്ട്: ജോബി ആന്റണി