എംജിഒസിഎസ്എമ്മിന്റെ വണ്‍ കോണ്‍ഫറന്‍സ് വന്‍വിജയമായി
Thursday, December 11, 2014 5:46 AM IST
ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എംജിഒസിഎസ്എമ്മിന്റെ ആതിഥ്യത്തില്‍ നവംബര്‍ 29 ന് (ശനി) നടന്ന വണ്‍ കോണ്‍ഫറന്‍സ്- പാന്‍ ഓര്‍ത്തഡോക്സ് യുവജന കോണ്‍ഫറന്‍സ് വന്‍വിജയമായി.

സഖറിയ മാര്‍ നിക്കോളോവാസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സിലേക്ക് നോര്‍ത്ത് ഈസ്റ് അമേരിക്കയിലെ ഓറിയന്റല്‍, ഈസ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളെല്ലാം ക്ഷണിക്കപ്പെട്ടിരുന്നു. ന്യൂജേഴ്സിയിലെ റോസ്ലാന്‍ഡ്, സെന്റ് നിക്കോളോസ് കോണ്‍സ്റന്റൈന്‍ ആന്‍ഡ് ഹെലന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന കോണ്‍ഫറന്‍സില്‍ വിവിധ റീജിയനുകളില്‍ നിന്നായി എഴുന്നൂറോളം യുവാക്കള്‍ പങ്കെടുത്തു.

ഒരേ വിശ്വാസം പിന്തുടരുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സ്നേഹവും വളര്‍ത്തുന്നതിനുദ്ദേശിച്ച് ഇതാദ്യമായി നടന്ന കോണ്‍ഫറന്‍സ് ചരിത്രസംഭവമായി. പരസ്പര സംവാദങ്ങള്‍ക്കും ബന്ധങ്ങളുടെ ഊഷ്മളതയ്ക്കും ഏറ്റവും പ്രധാനമായി ക്രിസ്തുവിലുള്ള ഐക്യത്തിനും വണ്‍ കോണ്‍ഫറന്‍സ് പ്രേരകമായി.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ക്രിസ്തുവില്‍ വളരുന്നതിന് അതിരുകളില്ലാതെയുള്ള സേവനമാണ് നാലുവര്‍ഷം മുമ്പ് ആരംഭിച്ച വണ്‍ കോണ്‍ഫറന്‍സ് ചെയ്തുകൊണ്ടിരിക്കുന്നത്. സാംസ്കാരികമോ വിഭാഗീയമോ ആയ പരിമിതികളൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. ഒന്നിച്ചുള്ള പ്രാര്‍ഥന, ആരാധന, സേവനപ്രവര്‍ത്തികള്‍ തുടങ്ങിയവയൊക്കെ വളര്‍ത്താന്‍ കോണ്‍ഫറന്‍സ് സഹായിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ആരാധനക്രമത്തിനനുസൃതമായി സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപോലിത്തയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ നടന്ന പ്രാര്‍ഥനകളോടെയായിരുന്നു കോണ്‍ഫറന്‍സിന് തുടക്കം. കോപ്ടിക് ഓര്‍ത്തഡോക്സ് സഭയുടെ പ്രാര്‍ഥനാരീതികളിലായിരുന്നു ഉച്ചകഴിഞ്ഞു നടന്ന പ്രാര്‍ഥന.

ഐക്യമായിരുന്നു കോണ്‍ഫറന്‍സിലെ പ്രതിപാദ്യവിഷയമെങ്കിലും പഴയകാലത്തും പുതിയ കാലത്തും ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പ്രാസംഗികര്‍ പ്രസംഗിച്ചു. അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് മെത്രാപോലീത്താ ജോണ്‍ അബ്ദള്ളാ മുഖ്യപ്രാസംഗികനായിരുന്നു.

മെത്രാപോലീത്തയുടെ പ്രസംഗത്തിനൊപ്പം സിറിയയില്‍ പീഡനത്തിനിരയായ ക്രിസ്ത്യാനികളുടെ സാക്ഷ്യങ്ങളും യുവജനങ്ങള്‍ക്കുവേണ്ടി പങ്കുവച്ചു. പഴയകാലത്തെ രക്തസാക്ഷികളുടെ ചരിത്രവും അവര്‍ക്ക് മുന്നില്‍ വിവരിക്കപ്പെട്ടു. സാക്ഷ്യങ്ങള്‍ക്കുശേഷം, വിശ്വാസം നേരിടുന്ന ഭീതികളെക്കുറിച്ച് നടന്ന, ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സെന്റ് വ്ളാഡിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി വൈദികരും വൈദികവിദ്യാര്‍ഥികളും നേതൃത്വം നല്‍കി. സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപോലീത്ത ഓര്‍ത്തഡോക്സ് വിശ്വാസത്തെക്കുറിച്ച ബോധ്യങ്ങളെകുറിച്ച വിലയിരുത്തലോടെ നല്‍കിയ ശക്തമായ സന്ദേശത്തോടെ കോണ്‍ഫറന്‍സ് സമാപിച്ചു.

കോപ്റ്റിക് ഓര്‍ത്തഡോക്സ് ന്യൂസ് സ്റേഷന്റെ ക്രിസ്റ്യന്‍ യൂത്ത് ചാനല്‍ റിക്കോര്‍ഡ് ചെയ്ത കോണ്‍ഫറന്‍സ് ഭാഗങ്ങള്‍ ഓണ്‍ലൈനില്‍ ഉടനെ ലഭ്യമാകും. ഫാ. വിജയ് തോമസ്, ഫാ. വി.എം ഷിബു, ഡോ. ജോണ്‍ മാലേക്, മനോജ് വര്‍ഗീസ്, ഭദ്രാസനത്തില്‍ നിന്നുള്ള വിവിധ എംജിഒസിഎസ്എം നേതാക്കള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍