ലെവി സംഖ്യ മടക്കി നല്‍കി തുടങ്ങി
Thursday, December 11, 2014 5:44 AM IST
ദമാം: വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ലെവി സംഖ്യയായ 2400 റിയാല്‍ സൌദി ധനമന്ത്രാലയം തിരിച്ചു നല്‍കി തുടങ്ങി.

വിദേശി ലെവി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ തങ്ങള്‍ക്ക് വന്‍ നഷ്ടങ്ങള്‍ സംഭവിച്ചതായി പല പദ്ധതികളില്‍ ഏര്‍പെട്ട കോണ്‍ട്രാക്റ്റിംഗ് കമ്പനികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിഷയം പഠിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൌദി മന്ത്രി സഭാ ലെവി സംഖ്യ തിരിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് സൌദി ധനമന്ത്രാലയം തുക മടക്കി നല്‍കാന്‍ തുടങ്ങിയത്. തങ്ങളുടെ നിരന്തരമായി ശ്രമഫലമായാണ് ലെവി സംഖ്യ ലഭിക്കാന്‍ ഇടയാക്കിയതെന്ന് സൌദി കോണ്‍ട്രാക്റ്റിംഗ് കമ്പനി സമിത അംഗം ഡോ. ഉമര്‍ അല്‍ മല്‍ഗൂസ് അറിയിച്ചു. കമ്പനികള്‍ക്ക് ഗുണപരമായ തീരുമാനമാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ പദ്ധതികള്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് പ്രതിസന്ധി നേരിടുകയോ കമ്പനിയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയോ ചെയ്താല്‍ പ്രസ്തുത കമ്പനിയിലെ തൊഴിലാളികളെ പുതുതായി കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികളിലേക്ക് സേവനമാറ്റം നടത്തുന്നതിനും അവയുടെ ചെലവ് ഗവണ്‍മെന്റ് വഹിക്കാനുമുള്ള തീരുമാനം കമ്പനികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണന്ന് അദ്ദേഹം വ്യക്തമാക്കി. ഏറെ കാലമായി തൊഴില്‍ ആവശ്യപ്പെടുന്നതാണ് ഈ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

ലെവി നടപ്പാക്കുന്നതിനുമുമ്പ് വിവിധ കരാറുകള്‍ ഏറ്റെടുത്ത കമ്പനികള്‍ക്കാണ് നഷ്ടം നേരിട്ടതിന്റെ പേരില്‍ സംഖ്യ തിരിച്ചു നല്‍കുന്നത്. എന്നാല്‍ എല്ലാ കമ്പനികള്‍ക്കും ഇത് ബാധകമല്ല. ലെവി ഒഴിവാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 50 ശതമാനത്തില്‍ കുടുതല്‍ സ്വദേശികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ലെവി നല്‍കേണ്ടതില്ലന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം