വേതന സുരക്ഷ നടപ്പാക്കിയില്ല; നിരവധി കമ്പനികള്‍ക്കെതിരെ നടപടി
Wednesday, December 10, 2014 6:19 AM IST
ദമാം: സൌദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച വേതന സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ ചില വന്‍കിട കമ്പനികളുള്‍പ്പടെ പല കമ്പനികള്‍ക്കെതിരെയും മന്ത്രാലയത്തിന്റെ പൂര്‍ണ സേവനം റദ്ദുചെയ്തുകൊണ്ട് സൌദി തൊഴില്‍ മന്ത്രാലയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഈ അടുത്ത ദിവസങ്ങളില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിവിധ കമ്പനികളിലായി നടത്തിയ പരിശോധനകളിലാണ് 82 കമ്പനികള്‍ വേതന പരിരക്ഷ നിയമം നടപ്പാക്കിയിട്ടില്ലന്ന് കണ്െടത്തിയത് ഈ കമ്പനികള്‍ക്കു മന്ത്രാലയത്തിന്റ എല്ലാ സേവനങ്ങളും റദ്ദു ചെയ്തു. പദ്ധതി നടപ്പാക്കത്തതിന്റെ പേരില്‍ മറ്റ് 625 കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ പുതുക്കല്‍ ഒഴികെയുള്ള സേവനങ്ങളെല്ലാം തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി.

വേതന സുരക്ഷ ഒന്നാംഘട്ടത്തില്‍ മുവായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള കമ്പനികള്‍ക്കാണ് നിയമം ബാധകമാക്കിയത്. ഈ ഗണത്തില്‍ പെടുന്ന 198 കമ്പനികളാണുള്ളത്. ഇവയില്‍ 160 കമ്പനികള്‍ പദ്ധതി നടപ്പിലാക്കി. പദ്ധതി നടപ്പിലാക്കാത്ത 16 കമ്പനികളുടെ സേവനങ്ങള്‍ പുര്‍ണമായും നിര്‍ത്തലാക്കിയതായി സൌദി തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം സെക്രട്ടറി ഡോ. അബ്ദുള്ള അബൂസനീന്‍ വ്യക്തമാക്കി. 22 കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ പുതുക്കല്‍ ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്താലാക്കി.

രണ്ടാം ഘട്ടത്തില്‍ രണ്ടായിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള കമ്പനികള്‍ക്കാണ് പദ്ധതി നിര്‍ബന്ധമാക്കിയത്. ഈവിഭാഗത്തില്‍ 129 കമ്പനികളാണുള്ളത്. ഈ വിഭാഗത്തിലെ പത്ത് കമ്പനികളുടെ മുഴുവന്‍ സേവനങ്ങളും 13 കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെയുള്ള സേവനങ്ങളും റദ്ദു ചെയ്തു. 106 കമ്പനികള്‍ പദ്ധതി നടപ്പിലാക്കി. ആയിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള കമ്പനികളിലാണ് മുന്നാം ഘട്ടമായി പദ്ധതി നടപ്പിലാക്കിയത്. 447 കമ്പനികളാണ് ഈഗണത്തില്‍ പെടുന്നവ ഇവയില്‍ 359 കമ്പനികള്‍ പദ്ധതി നടപ്പാക്കി. ബാക്കി വേതന സുരക്ഷ നടപ്പാക്കാത്ത 32 കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ ഒഴികെയുള്ള വിവിധ സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തലാക്കി.

വേതന സുരക്ഷാ വ്യവസ്ഥ പ്രകാരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സ്കുളുകളും വേതനം ബാങ്ക് വഴി നല്‍കണം. പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ 604 സ്കുളുകള്‍ക്കുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും നിര്‍ത്തലാക്കിയാതായി അദ്ദേഹം പറഞ്ഞു പിന്നീട് 18 സ്കുളുകള്‍ക്ക് തൊഴില്‍ പെര്‍മിറ്റു പുതുക്കി നല്‍കലൊഴികെയുള്ള സേവനങ്ങള്‍ റദ്ദു ചെയ്തു. 1301 സ്വകാര്യസ്കൂളുകളാണ് വേതന പരിരക്ഷ നിയമം നടപ്പാക്കേണ്ടിയിരുന്നത്.

പദ്ധതി നടപ്പാക്കേണ്ട കമ്പനികളേയും സ്കൂളുകളേയും തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുമെന്ന് അബു സനീന്‍ അറിയിച്ചു. തൊഴില്‍ കരാര്‍ പ്രാകാരം തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട വേതനം എല്ലാ മാസവും ബാങ്ക് മുഖേന നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും രാജ്യത്തില്‍ വിപണി നിയമാനുസൃതമാവുകയും ചെയ്യുമെന്ന് അബു സനീന്‍ വ്യക്തമാക്കി.

തെഴിലാളിക്കു യഥാസമയം വേതനം നല്‍കാതെ തൊഴിലുടമ കമ്പളിപ്പിക്കുന്ന രീതി ഇനി നടപ്പില്ല. ബാങ്കില്‍ നിക്ഷേപിക്കുന്നതിനാല്‍ തൊഴിലാളിയുടെ പണം മോഷണം പോവുന്ന സംഭവങ്ങളുണ്ടാവില്ല.

പണം ബാങ്കില്‍ നിക്ഷേപിക്കുക വഴി പൊടുന്നനെ നാടുകളിലേക്ക് അയയ്ക്കുന്ന പ്രവണത കുറയും. ഇത് സൌദി സാമ്പത്തിക മേഖലക്ക് കരുത്തു പകരും കൂടാതെ വ്യാജ കമ്പനികളുടെയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്യും.

സൌദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാ പ്രകാരം തൊഴിലാളികള്‍ക്കു രണ്ട് മാസം ശമ്പളം നല്‍കാത്ത കമ്പനികളുടേയും സ്ഥാപനങ്ങളുടേയും തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കലൊഴികെയുള്ള സേവനങ്ങള്‍ മന്ത്രലായം നിര്‍ത്തലാക്കും. മൂന്ന് മാസം വൈകുന്ന വേളയില്‍ മുഴുവന്‍ സേവനങ്ങളും മന്ത്രാലയം നിര്‍ത്തലാക്കും. മൂന്ന് മാസം ശമ്പളം നല്‍കാത്ത സ്പോണ്‍സറില്‍ നിന്നും സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ മറ്റ് സ്പോണ്‍സര്‍മാരിലേക്കു മാറാന്‍ കഴിയുമെന്നത് വേതന സുരക്ഷ നിയമത്തിന്റ പ്രത്യേകതയാണ്.

2015 അവസാനത്തോടെ സൌദിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വേതന പരിരക്ഷ ബാധകമാക്കും. സൌദിയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാക്കുമെന്നു സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം