ഫ്രന്റ്സ് ക്രിയേഷന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
Wednesday, December 10, 2014 6:18 AM IST
റിയാദ്: സഹപാഠികളുടെ ക്രൂരമായ ലൈംഗികാക്രമണത്തിന് ഇരയായ പാവം നാലര വയസുകാരി പെണ്‍കുട്ടിക്ക് പോലും നീതി നിഷേധിക്കുന്ന കപട പൌരോഹിത്യം ഇസ്ലാമിന്റെ മുഖത്ത് കരി വാരിത്തേക്കുകയാണെന്നും ഇത്തരത്തിലുള്ള പണ്ഡിതന്‍മാരുടെ പരസ്യമായ പ്രകടനങ്ങള്‍ സമുദായത്തെ പ്രതിരോധത്തിലാക്കുകയാണെന്നും ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ബാലികമാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മൌലവിമാരെ നിങ്ങള്‍ എന്തെടുക്കുകയാണ് എന്ന വിഷയത്തില്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ദേശീയ ചെയര്‍മാന്‍ എ. സെയ്ദ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. ഡോ. സത്താര്‍ മഡാക് മുഖ്യപ്രഭാഷണം നടത്തി.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പ്രതികള്‍ക്കു നേരെ വിരല്‍ ചൂണ്ടിയിട്ടും അവരെ നിയമത്തിന് മുമ്പില്‍ നിന്നും രക്ഷപ്പെടുത്തി നിരപരാധിയായ ഒരു ചെറുപ്പക്കാരനെ പോലീസിനെകൊണ്ട് പീഡിപ്പിച്ച സ്കൂള്‍ മാനേജ്മെന്റ് ഒരു നിലക്കും മാപ്പര്‍ഹിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. സമസൃഷ്ടി സ്നേഹത്തിന്റെയും മാനവികതയുടെയും ദര്‍ശനങ്ങള്‍ ലോകത്തിന് സമ്മാനിക്കുന്ന ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ പുതിയ തലമുറ പോരാട്ടത്തിനിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാചകകേശം പ്രദര്‍ശനത്തിലൂടെ ആത്മീയ വ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍ മണത്തറിഞ്ഞ പുരോഹിതവര്‍ഗം കേരളീയസമൂഹത്തെ അന്ധവിശ്വാസങ്ങളുടെ ആലയില്‍ കൊണ്ടുപോയി തളയ്ക്കുവാന്‍ ശ്രമിക്കുകയാണെന്നും പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി.

ഇതിനുമുമ്പ് ഇതേ മാനേജ്മെന്റിന്റെ യതീംഖാനയില്‍ നടന്ന ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടാതെ പോവുമ്പോള്‍ വിശ്വാസി സമൂഹം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. തെറ്റായ വിശ്വാസങ്ങള്‍ കേരളീയ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന വിഷയത്തില്‍ മത്സരിക്കുന്ന പൌരോഹിത്യം ആള്‍ദൈവങ്ങളായി വാഴ്ത്തപ്പെടുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.

നന്മയുടെ പങ്കുവയ്ക്കലുകളും പുരോഗമന ചിന്തയും കൈമോശം വന്നുപോയ ഈ പണ്ഡിതസമൂഹത്തിനെതിരെ പ്രതികരിക്കുവാന്‍ ഇനിയും നാം വൈകിക്കൂടായെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അര്‍ഷുല്‍ അഹ്മദ് (കെഎംസിസി), സുഫിയാന്‍ അബ്ദുള്‍ സലാം (ആര്‍ഐസിസി), ഡോ. അബ്ദുള്‍സലാം (കിംഗ് സൌദ് യൂണിവേഴ്സിറ്റി), അഷ്റഫ് കൊടിഞ്ഞി (തനിമ), അബാസ് ഫൈസി (ഇസ്ലാമിക് സെന്റര്‍), അബ്ദുള്‍ ജലീല്‍ വടകര (പിസിഎഫ്), അബ്ദുള്‍ ജലീല്‍ (ഐഎസ്എഫ്), ഹനീഫ കൂട്ടായി (നവോദയ) എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം സുബ്ഹാന്‍, അബ്ദുറഹ്മാന്‍ ഫറോക്ക്, അലവിക്കുട്ടി ഒളവട്ടൂര്‍, മുനീബ് പാഴൂര്‍, മെഹ്മൂദ് ജീമാര്‍ട്ട്, സൈനുല്‍ ആബിദ് (എംഇഎസ്) എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഉബൈദ് എടവണ്ണ പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. അബ്ദുള്‍ അസീസ് കോഴിക്കോട് സ്വാഗതവും നവാസ് വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു. നസ്റുദ്ദീന്‍ ഖിറാഅത്ത് നടത്തി. മുഹമ്മദലി കൂടാളി, അബ്ദുള്ള വല്ലാഞ്ചിറ, മിര്‍ഷാദ് ബക്കര്‍, ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍