ഡല്‍ഹിയില്‍ മലയാളിക്കുനേരെ ആക്രമണം: ശശി തരൂരിന് പരാതി നല്‍കി
Tuesday, December 9, 2014 8:42 AM IST
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ നെബ് സാരായില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്റാന്‍ലി പി. സ്റീഫനു നേരെയുണ്ടായ ആക്രമണത്തിനു ഉത്തരവാദികളായവരെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മലയാളി അസോസിയേഷന്‍ രംഗത്ത് എത്തി.

സൌത്ത് നികേതന്‍ ഏരിയായുടെ നേതൃത്വത്തില്‍ തയാറാക്കിയ നിവേദനം ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, ശശി തരൂരിന് എംപിക്കു കൈമാറി.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെന്റിലേറ്ററില്‍ കഴിയുന്ന സ്റാന്‍ലിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുവാനോ, അന്വേഷണത്തിനായോ ഒരു പോലീസുകാരന്‍ പോലും തയാറായിട്ടില്ല. എഫ്ഐആര്‍ ഫയര്‍ ചെയ്തതുതന്നെ വളരെ പ്രയാസപ്പെട്ടാണ്. അതും സ്റാന്‍ലിക്ക് എതിരായിട്ടാണ് തയാറാക്കിയിരിക്കുന്നത്. പട്ടാപകല്‍ നടന്ന സംഭവത്തിനെ സാക്ഷിപറയാന്‍ പോലും പരിസരവാസികള്‍ ഭയക്കുകയാണ്. സ്റാന്‍ലിയുടെ ഭാര്യയും വളരെയേറെ ഭയത്തില്‍ കഴിയുകയാണ്. അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്ന് ശശി തരൂരിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരമുറകളുമായി മുമ്പോട്ടു പോകുവാനും സൌത്ത് നികേതന്‍ ഏരിയ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്