ഓസ്ട്രിയയില്‍ 52 ശതമാനം മാതാപിതാക്കന്മാരും കുട്ടികളെ ശിക്ഷിക്കണമെന്നാഗ്രഹമുള്ളവര്‍
Tuesday, December 9, 2014 8:36 AM IST
വിയന്ന: അനുസരണക്കേടിന് ക്രൂരമായ ശിക്ഷ തന്റെ പിതാവില്‍ നിന്നും ഏറ്റുവാങ്ങി രണ്ടു വയസുകാരി ലിയോണി ദാരുണമായി മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ ഓസ്ട്രിയന്‍ സമൂഹത്തില്‍ തുടര്‍ന്നും നിലനില്‍ക്കുന്നുവെന്ന് കുടുംബക്ഷേമകാര്യ മന്ത്രി സോഫി കാര്‍മാസിന്‍ വ്യക്തമാക്കി.

ലിയോണിയെ പിതാവ് അനുസരണക്കേടിനു ദീര്‍ഘനേരം ഷവറിനടിയില്‍ (ചൂടുവെള്ളം) നിര്‍ത്തിയതിന്റെ ഫലമായി കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ തകരാറ് സംഭവിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു.

സര്‍ക്കാര്‍ നടത്തിയ പഠനമനുസരിച്ച് സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം രക്ഷിതാക്കളും കുട്ടികള്‍ നന്നാകുവാന്‍ വേണ്ടി ചെറുതായി മുഖത്തടിക്കുന്നത് നല്ലതാണെന്നഭിപ്രായക്കാരാണ്. 30 ശതമാനം രക്ഷിതാക്കളുടെ അഭിപ്രായത്തില്‍ ചെവിക്കു ചെറിയ നുള്ളു നല്‍കുന്നത് ഉപദേശത്തേക്കാള്‍ പ്രയോജനപ്പെടുമെന്നാണ്. എന്നാല്‍ ഏഴു ശതമാനം രക്ഷിതാക്കള്‍ നല്ല തല്ലു കൊടുത്താലെ കുട്ടികള്‍ നന്നാകൂ എന്നഭിപ്രായക്കാരാണ്. 15 നും 29 നുമിടയില്‍ പ്രായമുള്ളവരില്‍ 60 ശതമാനം പേര്‍ക്കും മാതാപിതാക്കന്മാരില്‍ നിന്ന് തല്ലു കിട്ടിയിട്ടുള്ളവരും കൂടാതെ ഓരോ അഞ്ചിലൊരാള്‍ക്കും കടുത്ത ശാരീരിക പീഡനം ലഭിച്ചിട്ടുള്ളവരുമാണ്. തൊള്ളായിരത്തി എഴുപതുകളില്‍ നിലനിന്നിരുന്ന ശിക്ഷണ രീതികള്‍ ഇപ്പോള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് വസ്തുത.

നഴ്സറി സ്കൂള്‍ അധ്യാപകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പല മാതാപിതാക്കള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുവാന്‍ സാധ്യത തള്ളിക്കളയാനാവില്ലെന്ന് മന്ത്രി സോഫി കാര്‍മാസിന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍