കൈരളി കേരളോത്സവം 2014: ഡിസംബര്‍ 12ന്
Monday, December 8, 2014 8:55 AM IST
ഫുജൈറ: യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി ഫുജൈറ സംഘടിപ്പിക്കുന്ന കേരളോത്സവം 2014 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാടന്‍ വിഭവങ്ങളും നാടന്‍ കലകളും നാടന്‍ വാദ്യങ്ങളുമായി ഒരു നാട്ടുത്സവത്തിന്റെ പുനരാവിഷ്കാരത്തിനായിരിക്കും ഡിസംബര്‍ 12ന് ഫുജൈറ കോര്‍ണീഷ് സാക്ഷിയാകുക.

ചെണ്ടയുടെ അകമ്പടിയോടെ തെയ്യം, കാവടി, മുത്തുക്കുടകള്‍, ആനയുമടങ്ങുന്ന ഘോഷയാത്ര, കോല്‍ക്കളി, ഒപ്പന, തിരുവാതിര, നാടന്‍ നൃത്തങ്ങള്‍, സെമി ക്ളാസിക്കല്‍ നൃത്തങ്ങള്‍, ശിങ്കാരിമേളം, നാദബ്രഹ്മ ഗ്രൂപ്പിന്റെ ഗാനമേള എന്നിവ സ്റേജ് പരിപാടിയിലെ മുഖ്യഇനങ്ങളാണ്. കൂടാതെ ഗൃഹാതുരത്വമുണര്‍ത്തുന്ന ചായക്കട, തട്ടുകട, ഹലുവ പൊരി, മാല വള തുടങ്ങിയ സ്റാളുകളും പുരപറമ്പിന് കൂടുതല്‍ ഭംഗിയേകും.