സമസ്ത ഹിഫ്ളുള്‍ ഖുര്‍ആന്‍ കോഴ്സ് പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Monday, December 8, 2014 8:53 AM IST
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്റിനില്‍ എത്തിയ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനും സുന്നീ മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റിന്‍ കേന്ദ്രകമ്മിറ്റി പാകിസ്ഥാന്‍ ക്ളബില്‍ സ്വീകരണം നല്‍കി.

പരിപാടിയോടനുബന്ധിച്ച് മനാമ ഇര്‍ഷാദുല്‍ മുസ് ലിമീന്‍ കേന്ദ്ര മദ്രസ ആസ്ഥാനമായി തുടക്കം കുറിക്കുന്ന ഹിഫ്ളുള്‍ ഖുര്‍ആന്‍ കോഴ്സിന്റെ ഉദ്ഘാടനം തങ്ങള്‍ നിര്‍വഹിച്ചു. സമുദായത്തിന്റെ പുരോഗതിയില്‍ കേരളീയ സമൂഹത്തിന് നേടാന്‍ സാധിച്ച ഔന്നത്യം വിജ്ഞാന സ്ഥാപനങ്ങളുടെ നിസ്തുലമായ സേവനങ്ങളാണെന്നും ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഓരോ വിദ്യാഭ്യാസ സ്ഥാപനവും മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാവൂ എന്നും അദ്ദേഹം ഉദ്ബോദിപ്പിച്ചു.

കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്റിന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുള്‍ വാഹിദ് അല്‍ ഖറാത്വ മുഖ്യാതിഥിയായിരുന്നു. സയിദ് റഷീദലി തങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം സയിദ് ഫക്റുദ്ദീന്‍ തങ്ങളും അഹ്മദ് അബ്ദുള്‍ വാഹിദ് അല്‍ ഖറാത്വക്കുള്ള ഉപഹാര സമര്‍പ്പണം സയിദ് റഷീദലി തങ്ങളും നിര്‍വഹിച്ചു. കെഎംസിസി പ്രസിഡന്റ് എസ്.വി ജലീല്‍ ആശംസാ പ്രസംഗം നടത്തി.

വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എം.സി മുഹമ്മദ് മൌലവി, സൈദലവി മുസ്ലിയാര്‍, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, മൂസ മൌലവി വണ്ടൂര്‍, അബ്ദുറഹ്മാന്‍ ഹാജി, അഷ്റഫ് കാട്ടില്‍പീടിക, ഷറഫുദ്ദീന്‍ മാരായമംഗലം, ഹാഷിം കോക്കല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും എസ്.എം അബ്ദുള്‍ വാഹിദ് നന്ദിയും പറഞ്ഞു.