ജിമ്മിജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം
Monday, December 8, 2014 8:52 AM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ആതിഥ്യമരുളുന്ന കെഎസ്സി യുഎഇ എക്സ്ചേഞ്ച് 19-ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. ഇടക്കാലത്ത് സെന്ററില്‍ നിന്നും മാറി അല്‍ ജസീറ ക്ളബില്‍ അരങ്ങേറിയിരുന്ന ടൂര്‍ണമെന്റ് വീണ്ടും സെന്റര്‍ അങ്കണത്തിലേയ്ക്ക് തിരിച്ചെത്തിയത് ഏറെ ആവേശത്തോടെയാണ് കായികപ്രേമികള്‍ എതിരേറ്റത്.

ടൂര്‍ണമെന്റിന്റെ മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ യുഎ ഇ എക്സ്ചേഞ്ച് സിഇഒ വൈ. സുധീര്‍കുമാര്‍ ഷെട്ടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്ര താരം മാമുക്കോയ, ഗാനരചയിതാവ് കെ.വി.അബുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. മാമുക്കോയയുടെ സാന്നിധ്യം കാണികളില്‍ ആവേശം പകര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി, അബുദാബി മലയാളി സമാജം കലാവിഭാഗം സെക്രട്ടറി വിജയരാഘവന്‍, സയിദ് അല്‍ സാബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനിയര്‍ അമല്‍, നാസര്‍ ജനറല്‍ സര്‍വീസസ് എം. ഡി. രാജന്‍ അമ്പലത്തറ, യു. അബ്ദുള്ള ഫാറൂഖി, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ എന്‍.വി.മോഹനന്‍, മാച്ച് കോഓര്‍ഡിനേറ്റര്‍ എം. എം. ജോഷി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കായികവിഭാഗം സെക്രട്ടറി റജീദ് പട്ടോളി നന്ദിയും പറഞ്ഞു.

തുടര്‍ന്നു നടന്ന ആദ്യമാച്ചില്‍ അഡ്നോക്ക് ഒന്നിനെതിരെ മൂന്ന് സെറ്റെടുത്ത് ദുബൈ ഡ്യൂട്ടിഫ്രീയെ പരാജയപ്പെടുത്തി. ആദ്യ രണ്ട് സെറ്റുകളും 25:18, 25:17 എന്ന സ്കോറിലൂടെ അഡ്നോക്ക് ലീഡ് ചെയ്തെങ്കിലും ഉജ്ജ്വല തിരിച്ചുവരവിലൂടെ മൂന്നാം സെറ്റ് 25:17 എന്ന സ്കോറിലൂടെ ദുബായ് ഡ്യൂട്ടിഫ്രീ അഡ്നോക്കിന്റെ ഏകപക്ഷീയമായ മുന്നേറ്റത്തെ തടഞ്ഞു. നാലമത്തെ സെറ്റ് 25:17 എന്ന സ്കോറിലൂടെ ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് അഡ്നോക്ക് ടൂര്‍ണമെന്റിലെ ആദ്യ വിജയം ഉറപ്പിക്കുകയായിരുന്നു.

കേരള സ്റേറ്റ് താരങ്ങളടങ്ങിയ ദുബായ് ഡ്യൂട്ടിഫ്രീ, യുഎഇ താരങ്ങളും ഉക്രെയിന്‍ താരങ്ങളുമടങ്ങിയ അഡ്നോക്കിന്റെ മുന്നില്‍ പതറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഉക്രെയിന്‍ താരങ്ങളായ ലെവ്ഗെന്‍ സ്വറോവ്, ഒമിട്രോ വുഡോവിന്‍ എന്നിവരുടെ മാജിക് സര്‍വീസുകളും ഉജ്ജ്വലമായ സ്മാഷും അഡ്നോക്കിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു.

രണ്ടാമത്തെ മാച്ചില്‍ വിഷ്വന്‍ സേഫ്റ്റിയും എല്‍എല്‍എച്ച് ഹോസ്പിറ്റലുമായിരുന്നു കൊമ്പ് കോര്‍ത്തത്. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫും നിരവധി ഇന്ത്യന്‍ ദേശീയതാരങ്ങളും അടങ്ങിയ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ആദ്യ സെറ്റില്‍ ഒന്നു പതറിയെങ്കിലും തുടര്‍ന്നുള്ള ശക്തമായ മുന്നേറ്റത്തിലൂടെ രണ്ടും മൂന്നും നാലും സെറ്റുകള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. 25:23, 23:25, 19:25, 17:25 എന്നീ സ്കോര്‍ പ്രകാരമായിരുന്നു വിഷ്വന്‍ സേഫ്റ്റി എല്‍എല്‍എച്ച് ഹോസ്പിറ്റലിനുമുന്നില്‍ അടിയറവ് പറഞ്ഞത്.

കളി അര്‍ധരാത്രിവരെ നീണ്ടുവെങ്കിലും മത്സരം വീക്ഷിക്കാന്‍ വന്‍ ജനാവലിതന്നെ സെന്റര്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റേഡിയത്തില്‍ ഉണ്ടായിരുന്നു.

ഇന്ന് (തിങ്കളാഴ്ച) മത്സരത്തിലെ ആദ്യ മാച്ചില്‍ എന്‍എംസിയും അഡ്നോക്കും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മാച്ചില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലും എന്‍ഡിസിയും മാറ്റുരയ്ക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള