റിയാദില്‍ കോഴിക്കോട് പൌരാവലി ടോം ജോസഫിനും കിഷോര്‍ കുമാറിനും സ്വീകരണം നല്‍കി
Monday, December 8, 2014 8:52 AM IST
റിയാദ്: അര്‍ജുന അവാര്‍ഡ് ജേതാവും പ്രശസ്ത വോളിബോള്‍ താരവുമായ ടോം ജോസഫിനും ഇന്ത്യന്‍ വോളിബോളിലെ മികച്ച കളിക്കാരനായ കിഷോര്‍ കുമാറിനും റിയാദില്‍ കോഴിക്കോട് പൌരാവലി നല്‍കിയ സ്വീകരണം ശ്രദ്ധേയമായി. 

രാജ്യാന്തര തലത്തില്‍ നാടിന്റെ പെരുമ ഉയര്‍ത്തിപ്പിടിച്ച കായിക താരങ്ങളെ കാണാനും അവര്‍ക്ക് ആശംസകള്‍ നേരാനും നിരവധി നാട്ടുകാരാണ് ബത്ഹയിലെ റമദ് ഓഡിറ്റോറിയത്തിലെത്തയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ കായിക താരത്തിനുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡ് നേടിയ ടോം ജോസഫും കിഷോര്‍ കുമാറും ആദ്യമായാണ് സൌദിയിലെത്തുന്നത്. തറവാട് കുടുംബ കൂട്ടായ്മയുടെ ക്ഷണപ്രകാരം റിയാദിലെത്തിയ ഇരുവര്‍ക്കുമായി കോഴിക്കോട്ടുകാര്‍ ഒരുമിച്ചിരുന്നാണ് സംഘടനാ രൂപം പോലുമില്ലാതെ സ്വീകരണമൊരുക്കിയത്. 

കോഴിക്കോട് പൌരാവലിയെന്ന പേരില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ എല്ലാ വിഭാഗമാളുകളും പങ്കെടുത്തത് റിയാദിന് പുതുമയാര്‍ന്ന അനുഭവമായി. 

മൊയ്തീന്‍ കോയ കല്ലമ്പാറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്കോയ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാട്ട് സ്വാഗതം പറഞ്ഞു. എസ്.വി അര്‍ഷുല്‍ അഹമ്മദ് അതിഥികളെ പരിചയപ്പെടുത്തി. ടോം ജോസഫിന് അറബ്കോ രാമചന്ദ്രനും കിഷോര്‍ കുമാറിന് നാസര്‍ കാരന്തൂരും കോഴിക്കോട്ടുകാരുടെ ഉപഹാരം സമര്‍പ്പിച്ചു. ബഷിര്‍ താമരശേരി, അബ്ദുള്‍ കരീം എന്നിവര്‍ യഥാക്രമം ടോം ജോസഫിനെയും കിഷോര്‍ കുമാറിനെയും ബൊക്കെ നല്‍കി സ്വീകരിച്ചു. വിവിധ സംഘടനകളും സ്ഥാപനങ്ങളും താരങ്ങളെ പൊന്നാട അണിയിക്കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒഡെപെക് ചെയര്‍മാന്‍ കെ.പി.മുഹമ്മദ് കുട്ടി (കെഎംസിസി), ബാലചന്ദ്രന്‍ (എന്‍ആര്‍കെ), പി.പി അബ്ദുള്‍ അസീസ് (ഒഐസിസി), ബഷീര്‍ പാങ്ങോട് (മീഡിയാഫോറം), ഇസ്മായില്‍ തടായില്‍ (കേളി), സണ്ണികുരുവിള, ഫിലിപ്പ് ജേക്കബ് (തറവാട്), സൈനുദ്ദീന്‍ കൊച്ചി (ഫോര്‍ക്ക), മുജീബ് ഉപ്പട (ഫുട്ബോള്‍ അസോസിയേഷന്‍), ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമര്‍, റോജി മാത്യു, ബഷീര്‍ മുസ്ള്യാരകം, ഫസല്‍ റഹ്മാന്‍ (സിറ്റി ഫ്ളവര്‍), നവാസ് വെള്ളിമാട്കുന്ന്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ ഇരുവരും റിയാദിലെ കോഴിക്കോട്ടുകാരുടെ സ്നേഹോഷ്മളമായ സ്വീകരണം ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണെന്നും കോഴിക്കോടിന്റെ ആഥിത്യമര്യാദ കടല്‍ കടന്നും അതിന്റെ നന്മ കാത്തുസൂക്ഷിക്കുന്നതായും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍