ബാബറി മസ്ജിദ് പുനര്‍നിര്‍മാണം രാഷ്ട്രത്തിന്റെ ആവശ്യം: ഫ്രട്ടേണിറ്റി ഫോറം സെമിനാര്‍
Monday, December 8, 2014 8:46 AM IST
ദമാം: മതേതര ഇന്ത്യക്ക് തീരാ കളങ്കം തീര്‍ത്ത് ഫാസിസ്റുകള്‍ തകര്‍ത്ത ബാബഖറി മസ്ജിദിന്റെ പുനര്‍നിര്‍മാണം ലോകത്തിന് മുമ്പില്‍ രാഷ്ട്രത്തിന്റെ യശസ് നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ദമാമില്‍ നടത്തിയ 'നീതി തേടുന്ന ബാബരി മസ്ജിദ്' അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു.

ബാബറിയുടെ തകര്‍ച്ച ത്വരിതപ്പെടുത്തിയത് കോണ്‍ഗ്രസില്‍ അലിഞ്ഞുചേര്‍ന്ന വര്‍ഗീയതയാണെന്ന് വിഷയമവതരിപ്പിച്ച ഫോറം കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം മാസ്റര്‍ അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ കരാള ഹസ്തം രാജ്യത്ത് പിടിമുറുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ കുറ്റകരമായ വീഴ്ചയാണ് ഉണ്ടായത്. ബാബറി തകര്‍ച്ചയ്ക്കുശേഷം ദേശീയ രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ പാപഭാരം തലയിലേറ്റിയ കോണ്‍ഗ്രസിനായിട്ടില്ല.

നിരന്തരം നീതി നിഷേധങ്ങള്‍ക്ക് കൂട്ടുനിന്ന ഭരണകര്‍ത്താക്കള്‍ക്കൊപ്പം വിഷയത്തില്‍ നിസംഗത അലങ്കാരമായി കൊണ്ടുനടന്ന സമുദായ നേതാക്കളുടെ നിലപാടും അപലപിക്കപ്പെടേണ്ടതാണ്. മതേതര ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മസ്ജിദ് പുനര്‍നിര്‍മിക്കുക തന്നെ വേണം. അതുവരെ യഥാര്‍ഥ ചരിത്രം തലമുറകള്‍ക്ക് കൈമാറേണ്ടത് രാജ്യ സ്നേഹികളുടെ ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എഴുത്തുകാരനും ഒഐസിസി ഗ്ളോബല്‍ വക്താവുമായ മന്‍സൂര്‍ പള്ളൂര്‍, ഫാറൂഖ് വവാക്കാവ് (സോഷ്യല്‍ ഫോറം), അബ്ദുറഹ്മാന്‍ (കെഎംസിസി), ബഷീര്‍ താമരക്കുളം (പിസിഎഫ്) സെമിനാറില്‍ പ്രസംഗിച്ചു. നാസര്‍ കൊടുവള്ളി മോഡറേറ്ററായിരുന്നു. ഫ്രട്ടേണിറ്റി ഫോറം ദമാം ഈസ്റ് ഏരിയ പ്രസിഡന്റ് അമീറലി പെരിന്തല്‍മണ്ണ സ്വാഗതവും സിറ്റി ഏരിയ സെക്രട്ടറി ജാബിര്‍ പുന്നാട് നന്ദിയും പറഞ്ഞു. സുബൈര്‍ നാറാത്ത്, യൂനുസ് എടപ്പാള്‍, ലത്തീഫ് പുളിക്കല്‍, റസാഖ് വടകര, അലി മാങ്ങാട്ടൂര്‍, മന്‍സൂര്‍ തിരുവനന്തപുരം നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം