കെഎസ്.ആര്‍ടിസിയില്‍ വേണ്ടത് സമരമല്ല; സഹകരണവും കഠിനാധ്വാനവും: മന്ത്രി തിരുവഞ്ചൂര്‍
Monday, December 8, 2014 8:44 AM IST
റിയാദ്: കെഎസ്ആര്‍ടിസി കേരളത്തിലെ ജനങ്ങളുടെ സഞ്ചാരമാര്‍ഗമാണെന്നും അതിന്റെ പ്രയാണം ലാഭകരമാകുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും അതിനായി ജനങ്ങളുടെ കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്നും സമരം അതിനെ കൂടുതല്‍ ബാധ്യതകളില്‍ കൊണ്െടത്തിക്കുമെന്നും സംസ്ഥാന ഗതാഗത വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സൌദി സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ തിരുവഞ്ചൂര്‍ റിയാദ് പാലസ് ഹോട്ടലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദിവസം കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം ആളുകളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന പൊതു ഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി അത് നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ പരിഹാരമല്ല. ഇന്ന് എന്തെങ്കിലും കുഴപ്പം കെഎസ്ആര്‍ടിസിക്ക് ഉണ്െടങ്കില്‍ അതിന് കാരണക്കാര്‍ മുന്‍ ഭരണാധികാരികള്‍ കൂടിയാണെന്നത് ഓര്‍ക്കണം. ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ കുടിശികയും ഉടന്‍ കൊടുത്തു തീര്‍ക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് വച്ചിട്ടാണ് ഞാന്‍ വിമാനം കയറിയതെന്നും താല്‍ക്കാലികമായ പ്രതിസന്ധികള്‍ തരണം ചെയ്ത് കെഎസ്ആര്‍ടിസി ലാഭകരമായി ഓടുന്ന കാലം വിദൂരമല്ലെന്നും മന്ത്രി പറഞ്ഞു.

ലാഭകരമായി പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ കുറവാണ്. ലാഭകരം എന്നതിലുപരി ജനസേവനം എന്ന ഒരു മുഖ്യ ലക്ഷ്യം കൂടി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ട്. കേസും കൂട്ടവുമായി കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നവരുടെ കുറ്റപ്പെടുത്തലുകള്‍ ഒട്ടും ആത്മാര്‍ഥമല്ലെന്ന് മനസിലാക്കണം. കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ പേര് കൈക്കലാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴ്വേലയാണെന്നും 1965 ല്‍ ആരംഭിച്ച കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 1974 ല്‍ ആരംഭിച്ച കര്‍ണാടകക്ക് പേര് കൈമാറണമെന്ന ആവശ്യം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 50,000 ജീവനക്കാരുള്ള കെഎസ്ആര്‍ടിസി യിലെ ശമ്പള കാര്യത്തില്‍ വരുന്ന കാലതാമസം സ്വാഭാവികമാണെന്നും എല്ലാറ്റിനുമുള്ള പരിഹാരം ഉടനടി കാണുന്നുണ്െടന്നും തിരുവഞ്ചൂര്‍ ഉറപ്പ് നല്‍കി.

പാരിസ്ഥിതിക വിഷയങ്ങളില്‍ യുഡിഎഫ് സര്‍ക്കാരില്‍ ഭിന്നസ്വരമില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്ക് വേണ്ടി വിവാദങ്ങള്‍ സൃഷ്ടിച്ച് എതിരാളികള്‍ സൃഷ്ടിക്കുന്ന പുകമറകള്‍ അല്‍പ്പായുസുകളാണെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവല്‍ കാര്യത്തിലും കോഴിക്കോട്ടെ നാഷണല്‍ ഗെയിംസ്, സംസ്ഥാന സ്കൂള്‍ യുവജനോത്സവ നടത്തിപ്പിലും യുക്തമായ തീരുമാനങ്ങളാണ് മന്ത്രിസഭ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രണ്ട് ദിവസം തിരക്കിട്ട പരിപാടികളാണ്. സൌദി അറേബ്യയിലെ പൊതു ഗതാഗത സംവിധാനമായ സാപ്റ്റ്കോയുടെ ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്ന കേരള ഗതാഗത മന്ത്രി അവരുടെ അല്‍ഹൈറിലുള്ള ഗാരേജും മറ്റ് സംവിധാനങ്ങളും സന്ദര്‍ശിക്കും. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയോടൊപ്പം കോട്ടയം ജില്ലാ ഒഐസിസി പ്രസിഡന്റ് ജമാല്‍ ചോറ്റി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, വൈസ് പ്രസിഡന്റ് ഇസ്മായില്‍ എരുമേലി, ബഷീര്‍ സാപ്റ്റ്കോ, ലൈജു എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍