ജീസസ് യൂത്ത് കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
Monday, December 8, 2014 8:42 AM IST
മെല്‍ബണ്‍: യുവജന പ്രസ്ഥാനത്തിന്റെ അത്യുജ്വല തുടക്കവുമായി ജീസസ് യൂത്തിന്റെ ഡീപ്പര്‍ പ്ളസ് ഹയര്‍ കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചു. യുവാക്കളും കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങിയ അഞ്ഞൂറിലധികം ആളുകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഡിസംബര്‍ അഞ്ചു മുതല്‍ ഏഴു വരെ നടന്ന സെക് ഷനുകളില്‍ വിവിധ തരത്തിലുള്ള പ്രമുഖര്‍ ക്ളാസുകള്‍ എടുക്കുകയും യുവജനങ്ങളെ സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

വൈകുന്നേരം നാലിന് മെല്‍ബണിലെ പോര്‍ട്ട്സിയില്‍ തുടക്കം കുറിച്ച കോണ്‍ഫറന്‍സിന് റവ. ഫാ. പ്രകാശ് കുട്ടിന്‍ഹോ സ്വാഗതം ആശംസിച്ചു. മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ നടന്ന സീറോ മലബാര്‍ ഇംഗ്ളീഷ് കുര്‍ബാനയോടെ ഉദ്ഘാടനത്തിന്റെ തിരശീല വീണു. സമൂഹബലിയില്‍ റവ. ഫാ. ഏബ്രഹാം കുന്നത്തോളി, റവ. ഫാ. ഷാബിന്‍, റവ. ഫാ. ജോസി കിഴക്കേത്തലയ്ക്കല്‍, റവ. ഫാ. സോണി ഏബ്രഹാം, റവ. ഫാ. പ്രകാശ് കുട്ടിന്‍ഹോ എന്നിവര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.

ജീസസ് യൂത്തിന്റെ ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സി.സി ജോസഫ്, ആന്റണി മക്കാര്‍ത്തി (കാത്തലിക് സൂപ്പര്‍), ആലിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പ്രശസ്ത പാട്ടുകാരനും മ്യൂസിക് ഡയറക്ടറുമായ അല്‍ഫോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഇംഗ്ളീഷ് ഗാനങ്ങള്‍ സദിനെ ക്രിസ്തീയ ഭക്തിയുടെ നിറവില്‍ എത്തിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്