ജര്‍മനിയിലെ കൃതജ്ഞതാബലി പ്രണാമപൂജയായി
Saturday, December 6, 2014 10:15 AM IST
കൊളോണ്‍: നവംബര്‍ 23 ന് ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പാ വിശുദ്ധിയുടെ സിംഹാസനത്തില്‍ കൈപിടിച്ചിരുത്തിയ വിശുദ്ധ ചാവറയച്ചനും വിശുദ്ധ എവുപ്രാസ്യമ്മയ്ക്കും ലഭിച്ച ദൈവപരിപാലനയ്ക്ക് കൃതജ്ഞതയര്‍പ്പിച്ചു നടത്തിയ ജര്‍മനിയിലെ കൃതജ്ഞതാബലി പ്രണാമപൂജയായി.

നവംബര്‍ 30ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് പ്രശസ്തമായ കൊളോണിലെ വി.പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രലിലാണ് (ഡോം) തിരുക്കര്‍മ്മങ്ങള്‍ നടന്നത്.

ദിവ്യബലിക്ക് ആമുഖമായി വിശുദ്ധ ചാവറച്ചന്റെ ജീവിതരേഖയെക്കുറിച്ച് ജര്‍മനിയിലെ സിഎംഐ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് കുറ്റിയാനിക്കലും വി. എവുപ്രാസ്യമ്മയുടെ ജീവിതത്തിലെ നാള്‍വഴികളെക്കുറിച്ച് ജര്‍മനിയിലെ സിഎംസി സഭാ കോഓര്‍ഡിനേറ്റര്‍ സിസ്റര്‍ എല്‍സിയും ഹ്രസ്വമായി വിവരിച്ചത് കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വിശുദ്ധരെക്കുറിച്ചുള്ള പഠനസഹായിയായി.

കൊളോണ്‍ അതിരൂപതയുടെ സഹായമെത്രാന്‍ ഡോ.അന്‍സ്ഗാര്‍ പുഫിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ എസന്‍ രൂപത സഹായമെത്രാന്‍ ലുഡ്ഗര്‍ ഷേപ്പേഴ്സ്, പ്രീസ്റര്‍ സെമിനാര്‍ റെക്ടര്‍ ഡോ.മാര്‍ക്കൂസ് ഹോഫ്മാന്‍, അതിരൂപതയിലെ വിദേശികളുടെ ചുമതല വഹിക്കുന്ന ഡീക്കന്‍ ഹാന്‍സ് ഗ്രേവല്‍ഡിംഗ്, ജര്‍മനിയിലെ സിഎംഐ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് കുറ്റിയാനിക്കല്‍, കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവര്‍ക്കൊപ്പം സിഎംഐ ഇരുപത്തിയഞ്ചോളം വൈദികര്‍ സഹകാര്‍മികരായി. ഇരുപത്തിയൊന്ന് കുട്ടികള്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായിരുന്നു.

ചാവറ പിതാവിന്റെയും എവുപ്രാസ്യമ്മയുടെയും ഛായാചിത്രത്തില്‍ ബിഷപ് പുഫ് ധൂപാര്‍ച്ചന നടത്തി.

ദിവ്യബലിക്കിടെ ബിഷപ് പുഫ് സന്ദേശം നല്‍കി. ആഗോള കത്തോലിക്കാ സഭയ്ക്കു ലഭിച്ച പുതിയ വിശുദ്ധരുടെ സല്‍ക്കര്‍മ്മങ്ങളും നന്മകളും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അനുകരണമാക്കാന്‍ ശ്രമിക്കണമെന്ന് പുഫ് പറഞ്ഞു. ഭാരതകത്തോലിക്കരുടെ വിശ്വാസം മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് ജര്‍മനിയില്‍ സേവനം ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും അല്‍മായരുടെയും പ്രവര്‍ത്തികളില്‍ ദര്‍ശിക്കാന്‍ കഴിയുന്നുണ്ടെന്ന് പുഫ് എടുത്തു പറഞ്ഞു.

ചാവറയച്ചന്റെ കുടുംബദര്‍ശനങ്ങള്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് മാത്രമല്ല ആഗോള കുടുംബങ്ങള്‍ക്കും മാതൃകയും വഴികാട്ടിയുമാണെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.

ബോണ്‍ അം എന്നെര്‍ട്ട് ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. മലയാളത്തില്‍ രണ്ടു ഗാനങ്ങള്‍ ആലപിച്ചു. കറോസൂസ പ്രാര്‍ഥന മലയാളം, ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളിലാണ് നടത്തിയത്. ദിവ്യബലിക്കു മുമ്പായി ഒരു ക്ളാസിക്കല്‍ ഡാന്‍സും (ഹണി, ഹോളണ്ട്) ദിവ്യബലിക്കിടയില്‍ ആരതിയുള്‍പ്പടെ (ഡെസീന വടക്കുംചേരി, ജാസ്മിന്‍ കൂട്ടുമ്മേല്‍, ജേമി പടയാട്ടില്‍) രണ്ടു ഡാന്‍സും ഉണ്ടായിരുന്നു. ബലിവേദിയുടെ മുമ്പിലായി പൂക്കളാല്‍ അലംകൃതമായി വിശുദ്ധരുടെ ചിത്രങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു.

വിശുദ്ധിയുടെ പടവില്‍ സ്വര്‍ഗീയതാതന്റെ മുന്തിരിത്തോപ്പില്‍ പരിമളം പരത്തുന്ന ഭാരതസഭയുടെ വിശുദ്ധ സൂനങ്ങളായ ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും ആദരിക്കുന്നതിനും കൃതജ്ഞതയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാനും വിശുദ്ധരുടെ മാധ്യസ്ഥവഴി പ്രാര്‍ഥനാസഹായം യാചിക്കുന്നതിനുമായി വൈദികരും സിഎംസി കന്യാസ്ത്രീകളും മലയാളികളും ജര്‍മന്‍കാരും ഉള്‍പ്പടെ ഏതാണ്ട് ആയിരത്തിലധികം വിശ്വാസികള്‍ ഡോം കത്തീഡ്രലില്‍ എത്തിയിരുന്നു.

ജര്‍മനിയിലെ സിഎംഐ സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജ് കുറ്റിയാനിക്കല്‍ സ്വാഗതവും ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നന്ദിയും പറഞ്ഞു. ദിവ്യബലിക്കുശേഷം സെമിനാരി ഓഡിറ്റോറിയത്തില്‍ വിശുദ്ധരെക്കുറിച്ചുള്ള ഡോക്കുമെന്ററി ഫിലിം പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇന്ത്യന്‍ രീതിയിലുള്ള കാപ്പി സല്‍ക്കാരത്തോടെ ചടങ്ങുകള്‍ സമാപിച്ചു. കൊളോണിലെ കത്തീഡ്രലില്‍ ഭാരതസഭയുടെ അനുഗ്രഹമായിത്തീര്‍ന്ന വിശുദ്ധര്‍ക്കുവേണ്ടി കൃതജ്ഞതാബലി അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ജര്‍മന്‍ മലയാളികള്‍. സിഎംഐ സഭയിലെ നൂറ്റിമുപ്പതോളം വൈദികര്‍ ജര്‍മനിയിലെ വിവിധ രൂപതകളിലായി സേവനം ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍