ഐടിഎല്‍ വേള്‍ഡ് വിന്റര്‍ ഹോളിഡേ ബ്രോഷര്‍ പ്രകാശനം ചെയ്തു
Saturday, December 6, 2014 10:12 AM IST
റിയാദ്: മധ്യേഷ്യയിലും ഇന്ത്യയിലും അറിയപ്പെടുന്ന ട്രാവല്‍ മാനേജ്മെന്റ് കമ്പനിയായ ഐടിഎല്‍ വേള്‍ഡ് ശീതകാല സ്പെഷല്‍ പാക്കേജുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പുറത്തിറക്കിയ വിന്റര്‍ ഹോളിഡേ ബ്രോഷര്‍ കേരള ഗതാഗത, വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റിയാദില്‍ പ്രകാശനം ചെയ്തു. ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ മന്ത്രി പുതുതായി പ്രവര്‍ത്തനമാരംഭിച്ച റിയാദിലെ ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിലുള്ള ഐടിഎല്‍ വേള്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ഐടിഎല്‍ വേള്‍ഡ് റീജണല്‍ മാനേജര്‍ മുഹമ്മദ് ഷാഫി, ഷക്കീബ് കൊളക്കാടന്‍, അരുണ്‍ കുമാര്‍, ബിബേക്, ഷൈഖ് ഫായിസുള്ള തുടങ്ങിയവരും റിയാദ് ഒഐസിസി പ്രസിഡന്റ് കുഞ്ഞി കുമ്പള, നോര്‍ക്ക പ്രതിനിധി ശിഹാബ് കൊട്ടുകാട്, ഇസ്മായില്‍ എരുമേലി, ജമാല്‍ ചോറ്റി, പ്രസാദ് വി. വര്‍ഗീസ്, ലൈജു തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

പ്രവാസലോകത്തും ഇന്ത്യയിലും ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്ന ഐടിഎല്‍, ഇറാം ഗ്രൂപ്പുകള്‍ക്കും അതിന്റെ സാരഥി ഡോ. സിദ്ദീഖ് അഹമ്മദിനും ഇനിയും ഉയരങ്ങളിലെത്താന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസകള്‍ നേര്‍ന്നു. കേരള സംസ്ഥാനത്തിന്റെ വികസന പ്രക്രിയകളിലും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യം നേടുന്നതിനും ഡോ. സിദ്ദീഖ് അഹമ്മദ് അടക്കമുള്ള പ്രവാസി പ്രമുഖര്‍ വഹിക്കുന്ന പങ്കിനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകീര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍