ഓണ്‍ലൈന്‍ ലോകത്ത് നിന്നും 'മസ്കറ്റ് മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ' സംഗമം നടത്തി
Saturday, December 6, 2014 10:11 AM IST
മസ്കറ്റ്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍, അവര്‍ നേരില്‍ കണ്ടപ്പോള്‍ സൌഹൃദയത്തിന് അതിര്‍വരമ്പുകളില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. ഈ കൂടിച്ചേരലിന് സാക്ഷികളായതാവട്ടെ 300ഓളം വരുന്ന പ്രവാസി മലയാളികളും.

ഫെയ്സ് ബുക്കിന്റെ മായികലോകത്ത് പരസ്പരം സ്േനഹം പങ്കിട്ടവര്‍, ദുഃഖങ്ങളില്‍ കൈത്താങ്ങായവര്‍, മസ്കറ്റ് മലയാളീസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ഒത്തുചേരല്‍ ചടങ്ങില്‍ മുമ്പ് ഒരിക്കലും നേരില്‍ പരിചയമില്ലാതിരുന്നവര്‍ കണ്ടുമുട്ടിയവര്‍ പരസ്പരം അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു.

പതിനായിരത്തിലധികം അധികം പ്രവാസി മലയാളികള്‍ അംഗങ്ങളായ ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് നേര്‍ക്കാഴ്ചയിലെ മറനീക്കി സൌഹൃദയത്തിന്റെ തണലില്‍ ആ സുഹൃത്തുക്കളെ ഒരുമിപ്പിച്ചത്. ഈ കൂടിച്ചേരലിന് മുന്‍കൈ എടുത്തതാകട്ടെ ഗ്രൂപ്പ് അഡ്മിനായ രാകേഷും.

മസ്കറ്റിലെ മലയാളി സമൂഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു കൂട്ടായ്മയുടെ തുടക്കം. ആ കണ്ടുമുട്ടലില്‍ ജാതിക്കോ മതത്തിനോ പ്രായത്തിനോ സ്ഥനമില്ലായിരുന്നു.

മൂന്നുവര്‍ഷം മുമ്പാണ് മസ്കറ്റ് മലയാളീസ് എന്ന കൂട്ടായ്മ ഫെയ്സ് ബുക്കില്‍ പിറവിയെടുത്തത്. ഗ്രൂപ്പിലെ അംഗങ്ങളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മുന്‍പൊരിക്കല്‍ നടത്തിയ കൂടിച്ചേരലാണ് കൂടുതല്‍ ഗംഭീരമായ പുതിയ ഒത്തുചേരലിന് കാരണമായത്. അങ്ങനെ, പരസ്പരം ലൈക്കടിച്ചും കമന്റടിച്ചും സൌഹൃദം പങ്കുവച്ചവര്‍ ആടിയും പാടിയും സ്നേഹാദരങ്ങള്‍ കൈമാറി സീബിലെ അല്‍ത്തുര്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങിനെ വര്‍ണാഭമാക്കി.

അംഗങ്ങളുടെ വിവാഹ വാര്‍ഷികവും ജന്മദിനവുമെല്ലാം പരിപാടിയില്‍ ആഘോഷിച്ചത് തികച്ചും കൌതുകമുയര്‍ത്തി. തുടര്‍ന്ന് നാടകവും മാജിക്കും സ്കിറ്റുമെല്ലാം സൌഹൃദയത്തിന്റെ നൂലിഴകള്‍ കൂടുതല്‍ ദൃഢമാക്കി. കുട്ടികള്‍ക്കായും പ്രത്യേകം കലാപരിപാടികള്‍ ഒരുക്കിയിരുന്നു. പങ്കെടുക്കുന്നവര്‍ക്കായി പ്രോത്സാഹന സമ്മാനങ്ങളും എത്തിയതോടെ ചടങ്ങ് കൂടുതല്‍ ആവേശകരമായി. മൂന്നൂറോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മസ്കറ്റിലെ എല്ലാ അംഗങ്ങളും പങ്കാളികളാകുന്ന കൂട്ടായ്മയാണ് ഇനി ലക്ഷ്യം. ഇതില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നും അംഗങ്ങള്‍ക്കെല്ലാം തുല്യ അവകാശമായിരിക്കും ഗ്രൂപ്പില്‍ ഉണ്ടായിരിക്കുകയെന്നും ഗ്രൂപ്പ് അഡ്മിനായ രാകേഷ് പറയുന്നു. ഉടന്‍തന്നെ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ സംഗമം നടത്താനും തീരുമാനമായി. കലാ, കായിക മേഖലകളില്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ ക്ളബുകള്‍ക്കും സുഹൃത്തുക്കള്‍ രൂപം നല്‍കി.

മോനാസ്, ശ്രീലാല്‍, ജോണ്‍, അമൃത്പാല്‍, റഫീക്ക്, ആഷിക്ക്, സിബി, സാബു, സിയാദ്, രാജേഷ്, ബിനോയ്, സരസ്വതി, ബാലകൃഷ്ണ, ഒമല്‍ലാല്‍ തുടങ്ങിയവര്‍ സ്നേഹ സംഗമത്തിന് മേല്‍നോട്ടം വഹിച്ചു.