ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ മുപ്പതാം വാര്‍ഷികവും ക്നാനായ നൈറ്റും വര്‍ണാഭമായി
Saturday, December 6, 2014 10:11 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ക്നാനായ യാക്കോബായ സമുദായത്തിന്റെ ആദ്യത്തെ പള്ളിയും തറവാട് പള്ളി എന്ന് വിശേഷിക്കപ്പെടുന്നതുമായ ന്യൂയോര്‍ക്ക് യോങ്കേഴ്സിലുള്ള സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളിയുടെ 30വേ ആനുവേഴ്സറിക്കും ക്നാനായ നൈറ്റിനും നവംബര്‍ 29 (ശനി) രാത്രി പതിനൊന്നരയോടെ തിരശീല വീണു.

കൊടും തണുപ്പിനെ അവഗണിച്ചു കൊണ്ട് നിറഞ്ഞ സദസില്‍ ചടങ്ങുകള്‍ അരങ്ങേറി. വൈകിട്ട് കൃത്യം 5.30 നു തന്നെ പൊതു മീറ്റിംഗിനു തിരശീല ഉയര്‍ന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അച്ചന്‍ കുഞ്ഞ് കോവൂര്‍ വിശിഷ്ടാധിഥികളെ സദസിന് പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ചു. സെക്രട്ടറി മോഹന്‍ ചിറയില്‍ സ്വാഗതം ആശംസിച്ചു. വികാരി റവ. ഫാ. ജേക്കബ് ഉള്ളാട്ടിലിന്റെ അധ്യഷതയില്‍ കൂടിയ പൊതു മീറ്റിംഗില്‍ ക്നാനായ സമുദായത്തിന്റെ മെത്രാപോലീത്ത ഡോ. അയൂബ് മോര്‍ സില്‍വാനോസ് നിലവിളക്ക് തെളിച്ച് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, സാംസ്കാരിക മാധ്യമ രംഗത്തെ ക്നാനായ സമുദായത്തിലെ പ്രശസ്തരായ റവ. ഫാ. റെനി, ബേബി ഉരാളില്‍, ജോസ് കടാപുറം, ജേക്കബ് റോയ്, റോയ് മറ്റപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ട്രഷറര്‍ ബിജു പുതു വീട്ടില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ആപ്പിറ്റൈസര്‍ / സോഷ്യലൈസിംഗ് ആയിരുന്നു അടുത്ത ഇനം.

തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സാഷി ആഷ്ലി പള്ളത്രയും അച്ചന്‍കുഞ്ഞ് കോവൂരും കലാ പരിപാടികളുടെ എംസി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നു നടന്ന സ്നേഹ വിരുന്നോടു കൂടി ആഘോഷങ്ങള്‍ക്ക് സമാപ്തിയായി.

കൈരളി ടിവി, ഏഷ്യാനെറ്റ്, മലയാളം ചാനല്‍ എന്നീ ദൃശ്യ മാധ്യമങ്ങളുടെ സാന്നിധ്യവും പരിപാടിയുടെ പ്രത്യേകതയാണ്.

പിറ്റേ ഞായറാഴ്ച്ച നടന്ന മൂന്നിന്മേല്‍ കുര്‍ബാന ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപോലീത്തയുടെ പ്രധാന കാര്‍മികത്തിലും എം.എ ഏബ്രാഹം അച്ചന്റെയും ജോസ് പരതോടത്തില്‍ അച്ചന്റെയും സഹ കാര്‍മികത്തിലും നടത്തപ്പെട്ടു.

വിശ്വാസികളെ കൊണ്ട് നിറഞ്ഞുനിന്ന പള്ളി അങ്കണത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. അയൂബ് മോര്‍ സില്‍വാനോസ് മെത്രാപോലീത്തയെ അനുമോദിച്ച് വികാരി റവ. ഫാ. ജേക്കബ് ഉള്ളാട്ടില്‍ പ്രസംഗിച്ചു. തുടര്‍ന്ന് മെത്രാപോലീത്ത കേക്ക് മുറിച്ച് മധുരം നല്‍കി രണ്ട് ദിനം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് വിരാമമായി.