ഇസ്ലാമിക് സ്റേറ്റ് ഭീകരന് ജര്‍മനിയില്‍ തടവ് ശിക്ഷ
Saturday, December 6, 2014 10:09 AM IST
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച യുവാവിന് ജര്‍മന്‍ കോടതി മൂന്നു വര്‍ഷവും ഒമ്പതു മാസവും തടവ് ശിക്ഷ വിധിച്ചു. ജര്‍മനിയില്‍ ഈ വിധത്തിലൊരു വിചാരണ പൂര്‍ത്തിയാകുന്നത് ഇതാദ്യമാണ്.

ക്രെഷ്നിക് ബെരിഷ എന്ന ഇരുപതുകാരന്‍ യുവാവിനെയാണ് ഫ്രാങ്ക്ഫര്‍ട്ടിലെ ജില്ലാകോടതി ശിക്ഷിച്ചത്. സിറിയയില്‍ ആറു മാസം ഐഎസിനൊപ്പം പ്രവര്‍ത്തിച്ചെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് പരമാവധി പത്തു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കാന്‍ ജര്‍മന്‍ നിയമം അനുശാസിക്കുന്നു.

ഇറാക്കിലും സിറിയയിലുമായി അഞ്ഞൂറോളം ജര്‍മനിക്കാര്‍ ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. ഇവരില്‍ അറുപതോളം പേര്‍ ഏറ്റുമുട്ടലുകളിലും ചാവേര്‍ ദൌത്യങ്ങളിലുമായി കൊല്ലപ്പെട്ടെന്നും കണക്കാക്കുന്നു. 180 പേര്‍ ജര്‍മനിയില്‍ തിരിച്ചെത്തിയെന്നും കരുതുന്നു.

സിറിയയില്‍നിന്നു മടങ്ങിവന്നപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിവച്ചാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബെരിഷ അറസ്റിലായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍