വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് മറപിടിച്ച് ഫീസ് വര്‍ധിപ്പിക്കുന്നു
Friday, December 5, 2014 7:52 AM IST
കുവൈറ്റ്: സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ അംഗീകാരം ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി.

നിലവിലെ ഫീസ് നിരക്കില്‍ അഞ്ചു ശതമാനത്തില്‍ കൂടാത്ത ഫീസ് വര്‍ധിപ്പിക്കാനാണ് മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നതെങ്കിലും ഇരിട്ടിയിലധികം ഫീസ് വര്‍ധിപ്പിക്കുവാനാണ് സ്കൂള്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. പല സ്കൂളുകളും ഇതുസംബന്ധമായ അറിയിപ്പുകള്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയതായി അറിയുന്നു. യാതൊരു മാനദണ്ഡവുമില്ലാതെ ഫീസ് വര്‍ധിപ്പിക്കുവാനുള്ള നീക്കം ഭീതിയോടെയാണ് പ്രവാസി രക്ഷിതാക്കള്‍ നോക്കികാണുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ഫ്ളാറ്റ് വാടകയ്ക്കിടയാണ് ഇടിത്തീ പോലെ സ്കൂള്‍ ഫീ വര്‍ധനയും വരുന്നത്. രണ്ടും മൂന്നും കുട്ടികളെ സ്കൂളിലയക്കുന്ന രക്ഷിതാക്കള്‍ക്ക് ഫീസ് വര്‍ധനവ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. പുതിയ അധ്യയന വര്‍ഷത്തേക്ക് നല്‍കിയ അനുമതി രക്ഷിതാക്കളുടെ അഞ്ജത മുതലെടുത്ത് ഈ വര്‍ഷം തന്നെ നടപ്പിലാക്കുവാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നത്. അബാസിയിലെ പ്രമുഖ സ്കൂളില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച അറിയിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരുകൂട്ടം രക്ഷിതാക്കള്‍. ഫീസ് വര്‍ധിപ്പിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടന്നും ആയതിനാല്‍ ഈ വര്‍ഷം ബാക്കിയുള്ള തേര്‍ഡ് ടേം ഫീസ് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചതായാണ് ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

പുതുക്കിയ ഉത്തരവു പ്രകാരം അടുത്ത അധ്യയനവര്‍ഷത്തില്‍ നഴ്സറി 320 ദീനാര്‍, പ്രെെമറി 356 ദീനാര്‍, അപ്പര്‍ പ്രെെമറി 410 ദീനാര്‍, സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി 460 ദീനാര്‍ എന്നീ നിലയിലാണ് ഫീസ് ഈടാക്കേണ്ടത്. പക്ഷെ അധികം വാങ്ങുന്ന തുക ട്യൂഷന്‍ ഫീസില്‍ ഉള്‍പ്പെടുത്താതെ ഗതാഗത ചാര്‍ജ്ജായും യുണിഫോമിലും ഒക്കെയായി വിവിധ പേരുകളിലാണ് വകയിരുത്തുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കുന്ന അന്യായമായ ഫീസ് വര്‍ധന കുവൈറ്റിലും രക്ഷിതാക്കള്‍ക്ക് വന്‍ ബാധ്യത ആയിരിക്കുകയാണ്. കുവൈറ്റിലെ വിവധ ഭാഗങ്ങളിലായി 18ഓളം ഇന്ത്യന്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം മുതല്‍ അഞ്ചു ശതമാനം മാത്രം ഫീസ് വര്‍ധിപ്പിക്കുവാന്‍ നല്‍കിയ അനുമതിയെ മറപിടിച്ചുകൊണ്ട് സ്കൂള്‍ മാനേജ്മെന്റുകള്‍ മുന്‍കാല പ്രാബല്യത്തോടെ ഫീസ് വര്‍ധന നടപ്പിലാക്കുന്നതിനെതിരെ പ്രവാസി സംഘടനകളും ഇന്ത്യന്‍ എംബസിയും ശക്തമായി ഇടപെടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ കരിക്കുലമെന്നും സിബിഎസ്ഇ കരിക്കുലമെന്ന പേരില്‍ ഇപ്പോള്‍ തന്നെ വിവിധ സ്കൂള്‍ മാനേജ്മെന്റുകള്‍ അനുവദനീയമായ നിരക്കിനേക്കാള്‍ അധിക നിരക്കാണ് ഈടാക്കി കൊണ്ടിരിക്കുന്നത്. ഫീസ് വര്‍ധിപ്പിക്കുവാന്‍ ഉത്തരവ് നല്‍കിയതിനോടപ്പം തന്നെ സ്കൂള്‍ ജീവനക്കാരുടെ പുതുക്കിയ വേതന നിരക്കും വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്െടങ്കിലും നിസാരമായ വേതനമാണ് വിവിധ സ്കൂള്‍ മാനേജ്മെന്റ് ഇപ്പോഴും ജീവനക്കാര്‍ക്ക് നല്‍കി വരുന്നത്. പുതുക്കിയ ഉത്തരവുപ്രകാരം നഴ്സറി അധ്യാപകര്‍ക്ക് 250 ദീനാറും പ്രൈമറി അധ്യാപകര്‍ക്ക് 263 ദീനാറും അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് 284 ദീനാറും സെക്കന്‍ഡറി ആന്റ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് 341 ദീനാറും നല്‍കണം. അധ്യാപകേതര ജീവനക്കാരായ ഓഫിസ് സെക്രട്ടറി, കംപ്യൂട്ടര്‍ ടെക്നീഷ്യന്‍, നഴ്സ് തുടങ്ങിയവര്‍ക്ക് 250 ദീനാറില്‍ കുറയാത്ത ശമ്പളവും മറ്റു ജോലിക്കാര്‍ക്ക് 200 ദീനാറില്‍ കുറയാത്ത ശമ്പളവും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച വേതന വര്‍ധനവില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഫീസ് വര്‍ധനവ് മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സ്കൂള്‍ മാനേജ്മെന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍