ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ഇന്ത്യന്‍ വനിതാഫോറം വരവേല്‍പ് നല്‍കി
Thursday, December 4, 2014 7:14 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നവംബര്‍ 18-ന് വൈകിട്ട് 6 മണിക്ക് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്യും വനിതാ ഫോറവും ചേര്‍ന്ന് വന്‍ വരവേല്‍പ് നല്‍കി. എട്ട് തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച, മുതിര്‍ന്ന ലോക്സഭാംഗവും, ഇപ്പോള്‍ സ്പീക്കറുമായ സുമിത്ര മഹാജനെ കോണ്‍സുലേറ്റ് ജനറല്‍ അഭിനന്ദിച്ചു.

വനിതകള്‍ ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അതിനുള്ള പരിഹാര മാര്‍ക്ഷങ്ങള്‍ പുതിയ ഗവണ്‍മെന്റ് കണക്കിലെടുക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇന്ത്യയിലെ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കു തുല്യവിദ്യാഭ്യാസത്തിന്റെ കുറവ്, നഗരങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വമില്ലായ്മ, സ്ത്രീകളുടെ മേലുള്ള അരാജകത്വം എന്നിവയെപ്പറ്റി വനിതകള്‍ ഖേദം പ്രകടിപ്പിച്ചു.

പുതിയ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി. ഏകദേശം അമ്പതോളം വനിതകള്‍ വിവിധ സംഘടനകളില്‍ നിന്ന് സന്നിഹിതരായിരുന്നു. ഫൊക്കാനയെ പ്രതിനിധീകരിച്ച് വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് സംബന്ധിച്ചു. കോണ്‍സുലേറ്റ് ജനറല്‍ ജ്ഞാനേശ്വര്‍ മുലായ് സംഘടിപ്പിച്ച രണ്ടാമത്തെ മീറ്റിംഗായിരുന്നു ഇത്. വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് പരസ്പരം കണ്ടുമുട്ടി ആശയവിനിമയം നടത്താനുള്ള ഒരു വേദികൂടിയായിരുന്നു. വനിതകളെ പ്രോത്സാഹിപ്പിക്കുവാനുള്ള ഇതുപോലുള്ള മീറ്റിംഗുകള്‍ തുടര്‍ച്ചയായി കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്നതാണെന്ന് അംബാസിഡര്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉന്നത തലത്തില്‍ എത്തിനില്‍ക്കുന്ന സ്ത്രീകളെ മുഖ്യാതിഥികളായി ക്ഷണിക്കും. ഡിസംബര്‍ മാസത്തില്‍ മുന്‍ അംബാസിഡര്‍ നിരുപമ റാവുവും, ജനുവരിയില്‍ പെപ്സികോ സി.ഇ.ഒ ഇന്ദിരാ നൂയിയും മുഖ്യാതിഥികളായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം