വിശുദ്ധ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാനെത്തിയ നൂറിലേറെ മലയാളികള്‍ ഇറ്റലിയില്‍ മുങ്ങിയതായി പരാതി
Wednesday, December 3, 2014 10:16 AM IST
വത്തിക്കാന്‍സിറ്റി : റോമില്‍ നടന്ന വിശുദ്ധ പ്രഖ്യാപനത്തിനു സാക്ഷികളാകാന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി ഇറ്റലിയിലെത്തിയ നൂറോളം മലയാളികള്‍ ഇറ്റലിയില്‍ മുങ്ങി. തൊഴില്‍ തേടി ഇവര്‍ മുങ്ങിയതാണെന്നാണു ട്രാവല്‍ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇവരെ കാണാനില്ലെന്ന പേരില്‍ കൊച്ചി കേന്ദ്രമാക്കിയുളള ട്രാവല്‍ ഏജന്‍സി പോലീസിനെയും ഇറ്റാലിയന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചു.

വിശുദ്ധ പദവി പ്രഖ്യാപനം നേരില്‍ കാണാന്‍ പതിനായിരത്തോളം മലയാളികള്‍ ഇറ്റലിയിലെത്തിയിരുന്നു. റോമിലും വെനീസിലുമായാണു വിമാനമിറങ്ങിയത്. വത്തിക്കാനിലെ നാമകരണചടങ്ങിനു മുമ്പും ശേഷവുമായി നിരവധിപേര്‍ മുങ്ങിയെന്നാണു ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. കാണാതായവരില്‍ കൂടുതലും സ്ത്രീകളാണ്. പത്തു ദിവസത്തെ വീസയായിരുന്നു ഇവര്‍ക്ക് ഇറ്റാലിയന്‍ കോണ്‍സുലേറ്റ് അനുവദിച്ചിരുന്നത്. ഇവരെ കാണാനില്ലെന്ന കാര്യം ചില ട്രാവല്‍ ഏജന്‍സികള്‍ റോമിലെ പോലീസില്‍ അറിയിച്ചിരുന്നു. അവര്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയെയും അറിയിച്ചിട്ടുണ്ട്.

നവംബര്‍ 21 മുതല്‍ പത്തുദിവസത്തെ വീസയാണ് എല്ലാവര്‍ക്കും സ്റാമ്പ്ചെയ്തു നല്‍കിയിരുന്നത്.

മുംബൈ കേന്ദ്രമാക്കിയുളള സീഗള്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് നിരവധിപേരെ കാണാനില്ലെന്ന കാര്യം അറിയിച്ചിരിക്കുന്നത്. മറ്റൊരു ഏജന്‍സിയില്‍ നിന്നു പോയ 22 പേരെക്കുറിച്ചും വിവരമില്ല. ഗ്രൂപ്പ് വീസയിലാണ് എല്ലാവരും പോയത്. തുടര്‍ന്നാണ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ട്രാവല്‍ ഏജന്‍സികള്‍ പോലീസിനെ സമീപിച്ചുതുടങ്ങുന്നത്.

ഗ്രൂപ്പ് വീസയില്‍ വിദേശത്തുപോയി അവിടെനിന്ന് മുങ്ങുന്നതു പതിവാണെങ്കിലും ഇംഗ്ളണ്ട് ഒഴികെയുള്ള രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്ന വീസയായതിനാല്‍ പലരും വര്‍ക്ക് പെര്‍മിറ്റ് തേടി മുങ്ങിയതാവാമെന്നാണ് ട്രാവല്‍ ഏജന്‍സിയുടെ സംശയം. പല ഏജന്‍സികളും പരാതിപ്പെടാതെ മാറിനില്‍ക്കുകയാണെന്ന് അറിയുന്നു.

തിരുക്കര്‍മ്മങ്ങള്‍ നടന്ന നവംബര്‍ 23 ന് മുമ്പുതന്നെ യൂറോപ്പില്‍ പാട്ടായിരുന്നു നാട്ടില്‍ നിന്നും വത്തിക്കാനിലെത്തുന്ന ആളുകള്‍ മുങ്ങുമെന്ന്. നേരത്തെതന്നെ ഇവിടെ മുങ്ങാന്‍ പദ്ധതിയിട്ടുവന്നവര്‍ അതനുസരിച്ച് ഇവിടെയുള്ള ബന്ധുജനങ്ങളുമായിട്ടോ സുഹൃത്തുക്കളുമായിട്ടോ കരുക്കള്‍ നീക്കിയാണ് ഇവിടേയ്ക്ക് പറന്നെത്തിയത്. മുമ്പ് സ്റേജ് ഷോയുടെ മറവില്‍ യൂറോപ്പിലെത്തി മുങ്ങിയവര്‍ ഇപ്പോള്‍ സാധാരണ വീസയില്‍ താമസിക്കുന്നുണ്ടെന്നാണ് പരസ്യമല്ലാത്ത രഹസ്യം. അതുപോലെതന്നെ 2008 ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാനെത്തിയവരില്‍ ചിലരൊക്കെ ഇവിടെ തങ്ങിയത് അന്ന് പരക്കെ പാട്ടായിരുന്നു. എന്നാല്‍ അന്നത്തേക്കാളും സ്ഥിതി ഇപ്പോള്‍ ഒത്തിരി മാറിയിട്ടുണ്ട്. നിയമവും കര്‍ശനമാക്കിയിട്ടുണ്ട്. മുങ്ങിയവരെ കണ്ടെത്തി നിയമപരമായി നാടുകടത്താന്‍ വേണ്ടത്ര പോലീസും നിയമവും ഒക്കെ നിലവില്‍ ഉള്ളതുകൊണ്ട് മുങ്ങിയവര്‍ എത്രതന്നെ വമ്പനായാലും ഒടുവില്‍ പിടിക്കപ്പെടും.

പുതിയ സംഭവത്തിന്റെ വെളിച്ചത്തില്‍ മേലില്‍ ഇറ്റാലിയന്‍ എംബസി, ഇന്ത്യക്കാര്‍ക്ക് വീസ നല്‍കുമ്പോള്‍ കൂടുതല്‍ ചട്ടങ്ങളും കര്‍ശന നിയന്ത്രണങ്ങളും ഒക്കെ ഏര്‍പ്പെടുത്തുമെന്നു തീര്‍ച്ച. ചിലപ്പോള്‍ അപേക്ഷകര്‍ക്ക് വീസതന്നെ ലഭിച്ചില്ലെന്നും വരാം.


റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍