അഭിഷേകഗ്നി കണ്‍വന്‍ഷന് ഐറീഷ് വിശ്വാസികളും
Wednesday, December 3, 2014 7:10 AM IST
ബ്രാഡ്ഫോര്‍ഡ്: ദൈവിക കരുണയുടെ കൃപകള്‍ വര്‍ഷിക്കപ്പെടുന്ന ബര്‍മിംഗ്ഹാം അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ സംബന്ധിക്കാന്‍ ഐറീഷ് വിശ്വാസികളും. കണ്‍വന്‍ഷന് ഒമ്പത് നാള്‍ മാത്രം അവശേഷിക്കെ വിപുലമായ പരിപാടികളാണ് സെഹിയോന്‍ ടീം അംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

സുവിശേഷവത്കരണം എല്ലാ ജനതകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇന്ന് വിവിധ ഭാഷാരാജ്യക്കാര്‍ക്ക് വിശ്വാസത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്ന പ്രധാന തീര്‍ഥാടക കേന്ദ്രമാണ്.

വിവിധ ഭാഷാ വിഭാഗക്കാര്‍ ഒരുമിച്ചുകൂടുന്ന ബര്‍മിംഗ്ഹാം അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ യുകെ ദര്‍ശിക്കുവാന്‍ പോകുന്ന ഏറ്റവും ബൃഹത്തായ അന്താരാഷ്ട്ര കാത്തലിക് കണ്‍വന്‍ഷനാകും.

പ്രധാന ഹാളില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ മലയാളത്തില്‍ വചനശുശ്രൂഷ നടത്തുമ്പോള്‍ ഫാ. സിറിള്‍ ഇടമന ഇംഗ്ളീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതുവഴി എല്ലാ ഭാഷാക്കാര്‍ക്കും ഒരേപോലെ ശുശ്രൂഷകളില്‍ സംബന്ധിക്കാനാകും. തുടര്‍ന്ന് അനുബന്ധ ഹാളില്‍ ഇംഗ്ളീഷ് ശുശ്രൂഷ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തന്നെ നടത്തും. ദിവ്യബലി അര്‍പ്പിക്കുന്നത് ഫാ. എയ്മന്‍ ആണ്.

ഫാ. സേവ്യര്‍ഖാനും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന ശക്തവും തീഷ്ണവുമായ വിടുതല്‍ ശുശ്രൂഷ എല്ലാവിധത്തിലുള്ള ബന്ധനങ്ങളില്‍നിന്നും വിശ്വാസ ഹൃദയങ്ങളെ മോചിപ്പിക്കും. പരിശുദ്ധാത്മാവിന്റെ അഗ്നിനാളങ്ങള്‍ പെയ്തിറങ്ങുന്ന പവാനാത്മഭിഷേകത്താല്‍ ജ്വലിക്കുന്ന ദിവ്യകാരുണ്യാരാധനക്ക് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം