നാസി ജര്‍മനിയിലെ ജൂത കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍
Wednesday, December 3, 2014 6:59 AM IST
ബര്‍ലിന്‍: അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മനിയില്‍ ആയിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ് സംഭവത്തിന്റെ ആസൂത്രകന്‍ അലോയിസ് ബ്രുണ്ണര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷം മുമ്പ് സിറിയയില്‍ മരിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.

നാസി ഉദ്യോഗസ്ഥനും ഹിറ്റ്ലറുടെ സായുധ സേനയായ എസ്.എസിന്റെ ക്യാപ്റ്റനുമായിരുന്നു ബ്രുണ്ണര്‍. ജനങ്ങളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് ഇയാള്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍അസദിന് ഉപദേശം നല്‍കിവരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തൊണ്ണൂറ്റെട്ടാം വയസിലായിരുന്നു ബ്രുണ്ണറുടെ മരണം. ഹോളോകോസ്റ് സംഭവത്തില്‍ 1,28,000ലേറെ ജൂതന്മാരെയാണ് കൊന്നത്. പീഡനത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത് ബ്രുണ്ണറായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയില്‍ ഹിറ്റ്ലറുടെ ഭരണം അവസാനിച്ചതോടെ 1950ല്‍ ഇയാള്‍ സിറിയയിലേക്ക് ഒളിച്ചോടുകയായിരുന്നു.

ബ്രുണ്ണറെ വധിക്കാന്‍ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1985ല്‍ ജര്‍മന്‍ വാര്‍ത്താ മാസികയ്ക്കാണ് അവസാനമായി ബ്രണ്ണര്‍ അഭിമുഖം നല്‍കിയത്. കുറ്റബോധം തോന്നുന്നുണ്േടാ എന്ന ചോദ്യത്തിന്, ഞാന്‍ കൂടുതല്‍ ജൂതന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖമേയുള്ളൂ എന്നായിരുന്നു ഇയാളുടെ മറുപടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍