റിമിനി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന്
Tuesday, December 2, 2014 10:53 AM IST
വത്തിക്കാന്‍സിറ്റി: ഇറ്റലിയിലെ റിമിനി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ തികച്ചും ചാരിതാര്‍ഥ്യത്തിലാണ്. നവംബര്‍ 23 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ ഭാരത സഭയുടെ പുണ്യപുഷ്പങ്ങളായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും എവുപ്രാസിയമ്മയേയും വിശുദ്ധരാക്കിയതിന് സാക്ഷ്യം സഹിക്കാന്‍ റിമിനി ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ തലേന്നുതന്നെ വത്തിക്കാനിലെത്തിയിരുന്നു. വിശുദ്ധരുടെ ജീവിതത്തിലെ പ്രകാശരേണുക്കള്‍ വരുംതലമുറയിലേയ്ക്കു കൈമാറുമെന്ന ഉറച്ച വിശ്വാസത്തിലും പ്രാര്‍ഥനയിലുമാണ് അംഗങ്ങളെന്ന് പാപ്പായുടെ ആശീര്‍വാദം ലഭിച്ച ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കണ്ടുമുട്ടിയ അസോസിയേഷന്‍ പ്രസിഡന്റ് സൈമണ്‍ ജോസഫ് ലേഖകനോടു പറഞ്ഞു.

വത്തിക്കാനില്‍ നിന്നും ഏതാണ്ട് മുന്നൂറ്റിയന്‍പതു കിലോമീറ്റര്‍ അകലെയാണ് തീരപ്രദേശവും ടൂറിസ്റ് കേന്ദ്രവുമായ റിമിനി സ്ഥിതിചെയ്യുന്നത്. ഏതാണ്ട് നാല്‍പ്പതോളം മലയാളി കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. അസോസിയേഷന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷമായി. മലയാളി വൈദികരും ഇവിടെ ജോലിചെയ്യുന്നുണ്ട്. മലയാളി കൂട്ടായ്മയുടെ ആധ്യാത്മിക, സാംസ്കാരിക, കായിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് കോട്ടയം സ്വദേശിയായ സൈമണ്‍ ജോസഫാണ്. തിരുവോണം, ക്രിസ്മസ്, ഈസ്റര്‍ തുടങ്ങിയ പ്രധാനപ്പെട്ട സീസണ്‍ ആഘോഷങ്ങള്‍ക്കു പുറമെ മിക്ക വാരാന്ത്യങ്ങളിലും അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളി ഒത്തുകൂടല്‍ പതിവാണ്.

വത്തിക്കാനിലെത്തിയ സംഘത്തെ നയിച്ചതും പ്രസിഡന്റാണ്. കൂടാതെ സാബു പോളയ്ക്കല്‍, ബിജോ, ആനി തുടങ്ങിയവരും പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നിന്നു. പ്രത്യേകം തയാര്‍ ചെയ്ത ടൂറിസ്റ് ബസിലാണ് വിശുദ്ധ പ്രഖ്യാപനച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റിമിനി മലയാളികള്‍ വത്തിക്കാനിലെത്തിയത്.

അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27 ന്(ശനി) കെങ്കേമമായി നടത്താനുള്ള തയാറെടുപ്പിലാണ് അംഗങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍