കുടിയേറ്റ ലക്ഷ്യങ്ങളില്‍ ജര്‍മനിക്ക് രണ്ടാം സ്ഥാനം
Tuesday, December 2, 2014 10:52 AM IST
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ജര്‍മനി എത്തി. ചാന്‍സലറിയില്‍ ഇന്റഗ്രേഷന്‍ ഉച്ചകോടി നടക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

ഒഇസിഡിയുടെ കണക്കനുസരിച്ച് 2013ല്‍ ജര്‍മനിയിലെ നെറ്റ് ഇമിഗ്രേഷന്‍ 437,000 ആണ്. തൊട്ടു മുന്‍ വര്‍ഷം ഇത് 370,000 ആയിരുന്നു. ഒരു മില്യനോളം നെറ്റ് മൈഗ്രഷനുള്ള യുഎസാണ് ഒന്നാം സ്ഥാനത്ത്. 291,000 എന്ന നെറ്റ് ഇമിഗ്രേഷനുമായി യുകെ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.

ഇപ്പോള്‍ ജര്‍മന്‍ ജനസംഖ്യയുടെ 20 ശതമാനം ഏതെങ്കിലും തരത്തില്‍ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. 16.3 മില്യനാണ് ഇവരുടെ എണ്ണം. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2012ല്‍ ഇത് 21,000 വര്‍ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം 37,000 വര്‍ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍