എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കണം: ഒഐസിസി
Tuesday, December 2, 2014 10:52 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരില്‍ രണ്ടാമത് എത്തിനില്‍ക്കുന്ന കേരളീയരെ പരിഗണിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നതായി ഒഐസിസി ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി.

ബഹുഭൂരിപക്ഷം വരുന്ന കേരളീയ സമൂഹത്തിനായി എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ മാനേജര്‍ മധു മാത്തന് ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസും വൈസ് പ്രസിഡന്റ് ജോജി ജോണും നിവേദനം നല്‍കി.

ടൂറിസത്തിന്റെ വികസന സാധ്യതകള്‍ ധാരാളമായി പരിഗണിക്കുന്ന കേരളത്തിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ തുടങ്ങിയാല്‍ മറ്റ് പല സര്‍വീസുകളുടെ കുത്തകയും അതിലൂടെ വരുന്ന ചാര്‍ജ് വര്‍ധനവും ഒഴിവാക്കാന്‍ കഴിയുമെന്നും നിവേദനത്തില്‍ പറയുന്നു.

മെല്‍ബണ്‍-സിഡ്നി-ന്യൂഡല്‍ഹി സര്‍വീസുകള്‍ വളരെ നാളത്തേയ്ക്കുള്ള ബുക്കിംഗുകള്‍ നേരത്തെ തന്നെ യാത്രക്കാര്‍ കൈക്കലാക്കി. കേരളത്തിലെ നെടുമ്പാശേരിയോ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് മെല്‍ബണ്‍, സിഡ്നി, ബ്രസ്ബയിന്‍, പെര്‍ത്ത്, ഡാര്‍വിന്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഉടന്‍ സര്‍വീസ് ആരംഭിക്കണമെന്നും നിവേദനത്തില്‍ പറഞ്ഞു. ഈ ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രിയേയും വകുപ്പിനേയും അറിയിക്കുമെന്നും ഈ ആവശ്യം നീതിയുടെ പോരാട്ടമാണെന്നും എയര്‍ ഇന്ത്യ മാനേജര്‍ പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന ഡ്രീംലൈനര്‍ സര്‍വീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എയര്‍ ഇന്ത്യയെ നല്ല നിലയില്‍ കൊണ്ടുപോകാന്‍ കഴിയുന്നതില്‍ സന്തോഷവും നന്ദിയും ഉണ്െടന്ന് എയര്‍ ഇന്ത്യ മാനേജര്‍ മധു മാത്തന്‍ പറഞ്ഞു.