രേണു കട്ടിനെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡാളസ് അധ്യക്ഷയായി നിയമിച്ചു
Tuesday, December 2, 2014 10:50 AM IST
ഹൂസ്റണ്‍: യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ പ്രസിഡന്റും യുഎച്ച് സിസ്റം ചാന്‍സലറുമായ ഇന്ത്യന്‍ അമേരിക്കന്‍ വനിത രേണു കട്ടിനെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡാളസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അധ്യക്ഷ സ്ഥാനത്തു നിയമിച്ചു.

ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് വാഷിംഗ്ടണ്‍ ഡിസി രേണുവിനൊപ്പം മറ്റ് 12 നിയമനം കൂടി നടത്തി. ഒമ്പതംഗങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരിക്കുക.

2008 ലാണ് രേണുവിനെ യുഎച്ച് പ്രസിഡന്റായി നിയമിച്ചത്. ഒരു വിദേശ വനിതയെ യുഎച്ച് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചത് ആദ്യമായിട്ടായിരുന്നു.

2014 ല്‍ രേണുവിന് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഉത്തര്‍ പ്രദേശില്‍ ജനിച്ച രേണു കാണ്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും പര്‍ഡ്യു യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനം കൊളളുന്നതായി രേണു ഒരു പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍