വിയന്നയിലെ ഭവനരഹിതരുടെ ക്രിസ്മസ് വേറിട്ടതാക്കാന്‍ പ്രോസി ഗ്ളോബല്‍ ചാരിറ്റി
Tuesday, December 2, 2014 10:47 AM IST
വിയന്ന: ഓസ്ട്രിയയിലോ, ഒരൊറ്റ രാജ്യത്തോ, ഏതെങ്കിലും ഭൂഖണ്ഡത്തിലോ മാത്രം ഒതുങ്ങാതെ ലോകമെങ്ങും ആഹ്ളാദത്തോടെ ആഘോഷിക്കുന്ന അപൂര്‍വാവസരമാണ് ക്രിസ്മസ്. ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ഉണ്ണിയേശു സ്മരണയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, അത് നിഷേധിക്കപ്പെടുന്നവരും ആഘോഷങ്ങളെ അകലെ നിന്ന് കാണുവാന്‍ പോലും സാധിക്കാത്തവരുമായി അനേകരുണ്ട് എന്നതാണ് വാസ്തവം. അത്തരം ഇല്ലായ്മകള്‍ അല്‍പ്പമെങ്കിലും മനസിലാക്കി ഹാപ്പി ക്രിസ്മസ് എന്ന് പറയാന്‍ സാധിക്കുന്നതും വലിയൊരു ആഘോഷാനുഭവമായി ചിലരെങ്കിലും കാണാറുണ്ട്.

2013ല്‍ പ്രോസി ഗ്ളോബല്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ വിയന്നയിലെ ഭവനരഹിതരായവര്‍ക്കു വേണ്ടി 'ഹോപ് ഫോര്‍ ദി ബെസ്റ്' എന്നൊരു പ്രത്യേക ക്രിസ്മസ് പാര്‍ട്ടി അത്തരത്തില്‍ ആദ്യമായി ഓസ്ട്രിയയില്‍ സംഘടിപ്പിച്ചിരുന്നു. വിയന്നയില്‍ ആരോരുമില്ലാത്തവര്‍ക്കുവേണ്ടി നടത്തിയ ആ ക്രിസ്മസ് പാര്‍ട്ടി ഏറെ ശ്രദ്ധിക്കപ്പെത്തിരുന്നു. ഇത്തരം പാര്‍ട്ടികള്‍ അര്‍ഹതയുള്ളവരെ ചെറിയതോതിലെങ്കിലും സാഹയിക്കുമെന്ന ചിന്ത പ്രോസി ഗ്ളോബല്‍ ചാരിറ്റിയെ ഈ വര്‍ഷവും 'ഹോപ് ഫോര്‍ ദി ബെസ്റ്' വിപുലമായി ആഘോഷിക്കാന്‍ നിര്‍ബന്ധിച്ചിരിക്കുകയാണ്. ആഘോഷങ്ങള്‍ അസാധ്യമായവര്‍ക്ക് അവസരം നല്‍കുക, മറ്റുള്ളവരെയും അതിനു പ്രേരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷവും ഹോപ് ഫോര്‍ ദി ബെസ്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രോസി ഗ്ളോബല്‍ ചാരിറ്റി ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

വിയന്നയിലെ എക്സോട്ടിക്ക് സുപ്പര്‍ മാര്‍ക്കറ്റായ പ്രോസിയുടെ ചാരിറ്റി വിഭാഗമായ പ്രോസി ഗ്ളോബല്‍ ചാരിറ്റി ഫൌണ്േടഷനാണ് ഹോപ് ഫോര്‍ ദി ബെസ്റ് എന്ന ക്രിസ്മസ് കൂട്ടായ്മ വിയന്നയില്‍ അവതരിപ്പിക്കുന്നത്. ആഘോഷ പരിപാടികളില്‍ അതിഥികളായി എത്തുന്നവര്‍ സ്വന്തമായി വീടോ, സാമ്പത്തിക ചുറ്റുപാടുകളോ ഇല്ലാത്തവരും വിവിധ രോഗങ്ങളാലും വാര്‍ധക്യത്താലും ആരാലും സഹായമില്ലാതെ കഷ്ട്ടപ്പെടുന്നവരുമാണ് എന്നതാണ് ഈ വേറിട്ട ക്രിസ്മസ് പാര്‍ട്ടിയുടെ പ്രത്യേകത. വിയന്നയിലെ മലയാളികള്‍ക്കും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അതിഥികളെ സഹായിക്കാന്‍ അവസരമുണ്ടാകും. ആരുടെയെങ്കിലും കൈവശം ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍, ഉപയോഗിക്കാതെ നഷ്ടപ്പെട്ടു പോകുന്നുണ്െടങ്കില്‍ ഹോപ് ഫോര്‍ ദി ബെസ്റിന്റെ സംഘാടകരെയോ പ്രോസി സൂപ്പര്‍ മാര്‍ക്കറ്റിലോ ഡിസംബര്‍ ഏഴിന് മുമ്പായി അവ ഏല്‍പ്പിക്കാന്‍ സാധിക്കും.

ഹോപ് ഫോര്‍ ദി ബെസ്റ് പാര്‍ട്ടിയില്‍ വിയന്നയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ചടങ്ങില്‍ വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം കലാപരിപാടികളും അരങ്ങേറും. ചടങ്ങുകള്‍ക്ക് അവസാനം പ്രോസി ഗ്ളോബല്‍ ചാരിറ്റി ശേഖരിക്കുന്ന വസ്ത്രങ്ങളുടെ വിതരണവും ഉണ്ടാകും. അഞ്ഞൂറിലധികം പേര്‍ പാര്‍ട്ടിക്ക് എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മലയാളികളും വിദ്യാര്‍ഥികളും അടക്കം നിരവധി ഓസ്ട്രിയക്കാരായ സന്നദ്ധസേവകരും പരിപാടിയുടെ വിജയത്തിനായി സഹകരിക്കും.

വിയന്നയിലെ 15-ാമത്തെ ജില്ലയിലുള്ള ഓവര്‍സീസ് സ്ട്രാസെ 2 സിയിലാണ് ഡിസംബര്‍ ഏഴിന് വൈകിട്ട് ആറു മുതല്‍ 11 വരെയാണ് ചടങ്ങുകള്‍. ഓസ്ട്രിയയിലെ സാമുഹ്യ വകുപ്പിന്റെ മന്ത്രി റുഡോള്‍ഫ് ഹുണ്ട്സ്ട്രോര്‍ഫെര്‍, വിയന്ന ബിഷപ് ഡോ. ഫ്രാന്‍സ് ഷാര്‍ള്‍, ഗ്രീന്‍ പാര്‍ട്ടിയിലെ ഈവ ഗ്ളാവിഷ്നിഗ്, ഗായകന്‍ ഹോര്‍സ്റ് ഷമേല, ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, വിയന്നയിലെ സാമുഹ്യ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: ംംം.ുൃീശെഴഹീയമഹരവമൃശ്യേ.രീാ

റിപ്പോര്‍ട്ട്: ജോബി ആന്റണി