ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം കത്തി നശിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം
Tuesday, December 2, 2014 9:26 AM IST
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം ദുരൂഹ സാഹചര്യത്തില്‍ കത്തി നശിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗാണ് അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് ജോയിന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ദില്‍ഷാദ് ഗാര്‍ഡനിലെ സെന്റ് സെബാസ്റ്യന്‍സ് പള്ളിയാണ് ആസൂത്രിതമെന്നു സംശയിക്കുന്ന തീപിടിത്തത്തില്‍ കത്തിനശിച്ചത്. അള്‍ത്താരയടക്കം പള്ളി പൂര്‍ണമായും കത്തി നശിച്ചു. സംഭവസ്ഥലത്തു നിന്നു മണ്ണെണ്ണക്കുപ്പി കണ്െടത്തിയതു സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാണു സംഭവം. സെക്യൂരിറ്റി ജീവനക്കാരന്‍ ജോലി അവസാനിപ്പിച്ചു പോയ സമയത്താണ് അള്‍ത്താരയില്‍ തീപടര്‍ന്നത്. അള്‍ത്താരയും സക്രാരിയും പൂര്‍ണമായും കത്തിയുരുകിയെങ്കിലും സക്രാരിയിലെ അരുളിക്കയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന യ്ക്കു നാശമൊന്നും സംഭവിച്ചില്ല. എന്നാല്‍, ക്രൂശിതരൂപം കത്തിക്കരിഞ്ഞ നിലയിലാണ്. ബൈബിളും വൈദികര്‍ ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളും കാസ, പീലാസ തുടങ്ങിയവയും കത്തി നശിച്ചു.