ലണ്ടന്‍ പോലീസിനു വഴികാട്ടി മലയാളി കന്യാസ്ത്രീ
Tuesday, December 2, 2014 5:17 AM IST
ലണ്ടന്‍: പുറം ലോകത്തുനിന്നും ഒറ്റപ്പെട്ട്, നാലു ചുവരുകള്‍ക്കുള്ളിലെ തടവറയിലകപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മലയാളി കന്യാസ്ത്രീ ആന്‍സി മാത്യുവിനു ലോകമാധ്യമങ്ങളുടെ അഭിനന്ദനം. ലണ്ടന്‍ നഗരത്തിന്റെ ഇരുണ്ട കോണുകളിലെ വേശ്യാലയങ്ങളിലകപ്പെട്ട സ്ത്രീകളെ രക്ഷിക്കാന്‍ പോലീസിനു വഴികാട്ടിയാകുന്നതു സിസ്റര്‍ ആന്‍സിയാണ്.

അധോലോകത്തിന്റെ നിയന്ത്രണങ്ങളിലുള്ള വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തുന്ന പോലീസ് സംഘത്തിനൊപ്പം ഈ കന്യാസ്ത്രീ സ്ഥിരംസാന്നിധ്യം. ഗുണ്ടകളെ തുരത്തി വേശ്യാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാല്‍ പോലീസ് ആന്‍സി സിസ്ററിന്റെ സഹായം തേടും. ഹോളിവുഡ് ചിത്രത്തിനു സമാനമായ ഏറ്റുമുട്ടലുകള്‍ പോലും പോലീസും ഗുണ്ടകളും തമ്മിലുണ്ടാകും. അപ്പോഴെല്ലാം പുറത്തു തമ്പടിച്ചിരിക്കുന്ന പോലീസ് വാഹനവ്യൂഹത്തില്‍ ആന്‍സി സിസ്റര്‍ കാത്തിരിക്കും. സ്ഥിതിഗതി നിയന്ത്രണത്തിലായാല്‍ വേശ്യാലയത്തിലകപ്പെട്ട സ്ത്രീകളുടെ അടുത്തു സിസ്ററെത്തും. പോലീസിനെ ഭയക്കുന്ന അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്ന ചുമതല പിന്നീട് ആന്‍സി സിസ്ററും സംഘവും ഏറ്റെടുക്കും. റാഹാബ് എന്ന പേരില്‍ സിസ്റര്‍ നടത്തുന്ന ചാരിറ്റിസംഘം അതുഭംഗിയായി നിര്‍വഹിക്കുന്നുണ്െടന്നു ബ്രിട്ടനിലെ ആന്റി സ്ളേവറി കമ്മീഷണര്‍ കെവിന്‍ ഹെയ്ലാന്‍ഡ് 'ദ ഗാര്‍ഡിയന്‍' പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

1856ല്‍ സിസ്റര്‍ മരിയ മിഖേല സ്പെയിനില്‍ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് അഡോറസ്ട്രിക്സ് സഭയിലംഗമാണ് അന്‍പതുകാരി സിസ്റര്‍ ആന്‍സി മാത്യു. വേശ്യാവൃത്തിയിലകപ്പെട്ട സ്ത്രീകളുടെ പുനരധിവാസത്തിനായാണു മരിയ മിഖേല ഈ സന്യാസിനി സഭ സ്ഥാപിച്ചത്.

സിസ്റര്‍ ആന്‍സി കോല്‍ക്കത്തയിലെ ചുവന്നതെരുവ് കേന്ദ്രീകരിച്ചാണു നേരത്തേ പുനരധിവാസ പ്രവര്‍ത്തനം നടത്തിയിരുന്നത്. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകളുടെ കുട്ടികളുടെ പുനരധിവാസമായിരുന്നു കോല്‍ക്കത്തയില്‍ സിസ്ററിന്റെ ദൌത്യം. 2000ല്‍ സിസ്റര്‍ കോല്‍ക്കത്തയില്‍നിന്നു ലണ്ടനിലേക്കു നിയോഗിക്കപ്പെട്ടു. ലണ്ടനിലെത്തിയ സിസ്റര്‍ ആന്‍സി റാഹാബ് എന്ന ചാരിറ്റി സംഘത്തിനു രൂപം നല്കി. വേശ്യാവൃത്തിയിലകപ്പെട്ട സ്ത്രീകളെ രക്ഷിക്കുക എന്ന ലക്ഷ്യവുമായി സിസ്ററും സംഘവും ലണ്ടന്‍ പോലീസുമായി കൈകോര്‍ത്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു കടത്തിക്കൊണ്ടുവന്ന് അനാശാസ്യത്തിനു നിയോഗിക്കപ്പെട്ട സ്ത്രീകളുടെ രക്ഷയ്ക്കായി നിതാന്തശ്രമത്തിലാണ് ഈ മലയാളി കന്യാസ്ത്രീ. ലോകമാധ്യമങ്ങളില്‍ സിസ്ററെക്കുറിച്ചുള്ള ഫീച്ചറുകള്‍ ഇടംനേടുകയാണ്.